മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൊറോണയ്‌ക്കെതിരെ മരുന്നുകൾ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുക എന്നതാണ്. അതിനായി ഭക്ഷണ കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം. പഴവർഗ്ഗങ്ങളും, പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കണം. പഴവർഗ്ഗങ്ങളിൽ പേരയ്‌ക്ക, നെല്ലിക്ക, ഞാവൽപ്പഴം തുടങ്ങിയവ പ്രതിരോധശേഷിയുടെ ഉല്പ്പാദനത്തിന് വളരെ നല്ലതാണ്. ഈ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളുടെ സാന്നിധ്യം ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന നെല്ലിക്ക രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ച ഒരു പഴവർഗ്ഗമാണ്. പ്രത്യേകിച്ചും നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ബാക്റ്റീരിയൽ വൈറൽ രോഗങ്ങളെ തടയാൻ സഹായിക്കും. കാൽസ്യം ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്ന നെല്ലിക്ക ഉപാപചയപ്രവർത്തനവും മെച്ചപ്പെടുത്തുന്നു. മാത്രവുമല്ല തലമുടിയ്‌ക്കും, ചർമ്മത്തിനും നെല്ലിക്ക ഏറെ ഗുണം ചെയ്യും. കാൻസർ കോശങ്ങളുടെ വളർച്ച തടയുവാനും നെല്ലിക്ക ഉപയോഗിക്കാം.
വിറ്റാമിൻ സിയും ലൈക്കോപ്പീനും ധാരാളം അടങ്ങിയ പഴവർഗ്ഗമാണ് പേരയ്‌ക്ക. പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ഹൃദയാരോഗ്യത്തിനും പേരയ്‌ക്ക വളരെ നല്ലതാണ്. അതുപോലെ ചിലയിനം അർബുദത്തെ തോൽപ്പിക്കാനും പേരയ്‌ക്ക ഉപയോഗിക്കാറുണ്ട്. ആന്റിബാക്‌ടീരിയൽ, ആന്റിഇൻഫക്ടീവ്, ആന്റി മലേറിയൽ ഗുണങ്ങളുള്ള പഴമാണ് ഞാവൽപ്പഴം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ദഹനപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും ഞാവൽപ്പഴം ഗുണകരമാണ്.
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും, പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഞാവല്പഴം സഹായിക്കും. ഇവയെ കൂടാതെ മാമ്പഴവും പ്രതിരോധശേഷിക്കായി കഴിക്കാവുന്ന പഴമാണ്. കൂടാതെ തക്കാളി, കാപ്സിക്കം, കൂൺ, പച്ചനിറത്തിലുള്ള പച്ചക്കറികളും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്. ഇത്തരം പഴവർഗ്ഗങ്ങൾ ദിവസവുമുള്ള ഭക്ഷണ ക്രമത്തിൽ ഉൾക്കൊള്ളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
Comments