ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമുള്ള സുപ്രധാന പോയിന്റായ ദൗലത് ബെഗ് ഓള്‍ഡി(ഡിബിഒ)യില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സുപ്രധാന നീക്കം. ഉയര്‍ന്ന മേഖലയായ ഡിബിഓയില് ജല ലഭ്യതയ്ക്കായുള്ള ശ്രമങ്ങളാണ് സൈന്യത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. മരുഭൂമിക്ക് സമാനമായ ഡിബിഒ സമുദ്ര നിരപ്പില്‍ നിന്നും 17,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കിഴക്കന്‍ ലഡാക്കിന് സമീപമുള്ള മേഖലയാണ് ദൗലത് ബെഗ് ഓള്‍ഡി. കഴിഞ്ഞ മെയ് മാസം മുതല്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നടക്കുന്ന മേഖല കൂടിയാണിത്. ഏറെ തന്ത്രപ്രധാനമായ ദൗലത് ബെഗ് ഓള്‍ഡിയില്‍ അതിപുരാതന കാലത്ത് നിലനിന്നിരുന്ന തടാകത്തെ വീണ്ടെടുക്കാനാണ് സൈന്യം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള നടപടികളും സൈന്യം ആരംഭിച്ചു കഴിഞ്ഞു. 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന പാലിയൊ തടാകത്തെ തിരിച്ചുകൊണ്ടുവരാനാണ് സൈന്യത്തിന്റെ ശ്രമം.
സിയാച്ചിനിലും ബതാലിക് മലനിരകളിലും ഇന്ത്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ ജിയോളജിസ്റ്റായ ഡോ. റിതേഷ് ആര്യയുടെ സേവനം സൈന്യം ലഭ്യമാക്കിയിട്ടുണ്ട്. ഡിബിഓയിലെ ഭൂഗര്‍ഭ ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനായി റിതേഷ് ആര്യ 28 ദിവസത്തോളം മേഖലയിലൂടെ സഞ്ചരിച്ചിരുന്നു. നേരത്തെ, പാംഗോങ് സോ, താകുങ്, ചുഷുല്‍, റെസങ് ലാ, തങ്സ്റ്റെ, ഗാല്‍വന്‍ എന്നിവിടങ്ങളില്‍ റിതേഷ് ആര്യയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടിരുന്നു. സമാനമായ പ്രവര്‍ത്തനങ്ങളിലൂടെ തടാകം വികസിപ്പിക്കാനായാല്‍ അത് ഡിബിഓയില് സൈന്യത്തിന് ഊര്‍ജ്ജം പകരുന്നതിനൊപ്പം ടൂറിസത്തിനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
Comments