ബാഴ്സലോണ: അടുത്ത മാസം എല്‍ ക്ലാസിക്കോ മത്സരം നടക്കാനിരിക്കെ ബാഴ്സലോണയ്ക്ക് ആശങ്ക. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയ്ക്ക് റയല്‍ മാഡ്രിഡിനെതിരായ മത്സരം നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അടുത്ത മാസം നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോ ഉള്‍പ്പെടെ 3 മത്സരങ്ങള്‍ മെസിയ്ക്ക് നഷ്ടമായേക്കുമെന്നാണ് സൂചന. ഒക്ടോബറില്‍ അര്‍ജന്റീനയുടെ ദേശീയ ടീമിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്. ദേശീയ ടീമിലേക്ക് മെസിയ്ക്ക് പോകേണ്ടി വന്നാല്‍ എല്‍ ക്ലാസിക്കോയില്‍ താരം കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ദക്ഷിണ അമേരിക്കയില്‍ നിന്ന് വരുന്നവര്‍ സ്പെയിനില്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയേണ്ടി വരും. അടുത്ത മാസം എട്ടാം തീയതി ഇക്വഡോറിനെതിരെയും, 13ന് ബൊളീവിയക്കെതിരെയുമാണ് അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ നടക്കുക. ഈ മത്സരങ്ങളില്‍ മെസി കളിക്കുകയാണെങ്കില്‍ തുടര്‍ന്ന് സ്പെയിനിലെത്തി, ക്വാറന്റൈന് ഘട്ടം പൂര്‍ത്തിയാക്കുന്നതിനിടെ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ കഴിഞ്ഞിട്ടുണ്ടാവും. ഒക്ടോബര്‍ 25നാണ് ഇത്തവണത്തെ ആദ്യ എല്‍ ക്ലാസിക്കോ നടക്കുക.
Comments