ദുബായ്: 437 ദിവസത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ‘തല’ ധോണി മുംബൈയ്‌ക്കെതിരെ പാഡണിഞ്ഞത്. ലുക്കിലും വര്‍ക്കിലും മാറ്റമില്ലാത്ത ആ പഴയ ക്യാപ്റ്റന്‍ കൂളിനെ തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും കാണാനായത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനെന്ന വിശേഷണം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും അന്വര്‍ത്ഥമാക്കുകയാണ് ധോണിയെന്ന അത്ഭുത പ്രതിഭ.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായി 100 ജയമെന്ന റെക്കോഡാണ് തിരിച്ചുവരവിലൂടെ ധോണി സ്വന്തം പേരിലാക്കിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ നായകനും ധോണിയാണ്. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ മുംബൈയ്‌ക്കു മുന്നില്‍ കിരീടം കൈവിട്ടതിന് പകരം വീട്ടിയത് കൂടിയാകുമ്പോള്‍ ഈ ജയത്തിന് മധുരം കൂടുമെന്നുറപ്പാണ്.
എന്നാല്‍, നായകനെന്ന നിലയില്‍ മാത്രമല്ല, തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍. മുംബൈക്കെതിരായ മത്സരത്തില്‍ മറ്റ് രണ്ട് അപൂര്‍വ്വ റെക്കോഡുകളും ധോണിയെ തേടിയെത്തി. ട്വന്റി20യില്‍ 250 പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍, ഐപിഎല്ലില്‍ 100 ക്യാച്ചുകള്‍ എന്നീ റെക്കോഡുകളാണ് അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്.















