മുഖം മിനുക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് മിക്ക സ്ത്രീകളും. എന്നാല്‍ ജോലിയ്‌ക്കു പോകുന്ന സ്ത്രീകള്‍ക്ക് അതിനുളള സമയം ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ വീട്ടില്‍ എളുപ്പം ഉണ്ടാക്കാവുന്നതും, ഒരാഴ്ച വരെ സൂക്ഷിയ്‌ക്കാവുന്നതുമായ ഒരു ഈസി ഫെയ്‌സ് പായ്‌ക്ക് എങ്ങിനെ തയ്യാറാക്കാമെന്നു നോക്കാം. രാത്രി ഉപയോഗിക്കാന്‍ പറ്റുന്ന ഒരു ഫെയ്‌സ് പായ്‌ക്കാണിത്. ബീറ്റ്‌റൂട്ട് കൊണ്ടുളള ഈ പായ്‌ക്ക് ജോലി കഴിഞ്ഞ് വന്ന ശേഷം നിത്യവും ഉപയോഗിക്കാവുന്നതാണ്. ജോലി കഴിഞ്ഞ് വരുന്ന മിക്ക ആളുകളും മുഖം ക്ഷീണിച്ചിരിക്കുന്നു. ഈ ക്ഷീണം അകറ്റി മുഖം തിളക്കമുളളതാക്കാന്‍ ഈ ഫെയ്‌സ് പായ്‌ക്ക് സഹായിയ്‌ക്കുന്നു. ഇതിനായി ആദ്യം ബീറ്റ്‌റൂട്ട് നന്നായി തൊലികളഞ്ഞ് മിക്‌സിയില്‍ അടിച്ചെടുക്കുക.
ശേഷം ഇത് അരിപ്പയില്‍ അരിച്ചെടുക്കണം. അതുപോലെ തന്നെ കടയില്‍ നിന്നും സുലഭമായി ലഭിക്കുന്ന ഒന്നാണ് മസൂര്‍ ദാല്‍ (ചുവന്ന പരിപ്പ്) ഇത് വാങ്ങി നന്നായി പൊടിച്ചു വയ്‌ക്കുക. ഒരാഴ്ചയോളം നമുക്കിത് പൊടിച്ച് സൂക്ഷിക്കാവുന്നതാണ്. ദിവസവും ആവശ്യാനുസരണം ഒരു ചെറിയ പാത്രത്തില്‍ മിക്‌സ് തയ്യാറാക്കി ഉപയോഗിക്കുന്നതാണ്. ഒരു പാത്രത്തിലേക്ക് അരിച്ചു വെച്ച ബീറ്റ്റൂട്ട് രണ്ട് ടീസ്പൂണും അര ടീസ്പൂണ്‍ റോസ് വാട്ടറും ഒരു സ്പൂണ്‍ മസൂര്‍ ദാല്‍ പൊടിച്ചതും ചെറുനാരങ്ങാനീരും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇവ നന്നായി മുഖത്ത് തേച്ച് പിടിപ്പിക്കുക.
ഇങ്ങനെ തേച്ചുപിടിപ്പിച്ച് ഇരുപത് മിനിറ്റിനു ശേഷം കഴുകിക്കളയുക. രാത്രി കുളിക്കുന്നതിനു മുന്‍പ് മുഖത്ത് പുരട്ടിയിടാവുന്ന പായ്‌ക്കാണിത്. കുളി കഴിഞ്ഞ ശേഷം ഇത് കഴുകിക്കളയാം. പിറ്റേ ദിവസത്തേക്ക് മുഖത്തിന് നല്ല തിളക്കവും ഊര്‍ജ്ജവും കിട്ടുന്നു. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുളള വൈറ്റമിന്‍ സി ചര്‍മ്മത്തിന് വളരെ ഉപകാരപ്രദമാണ്. അതുപോലെ തന്നെ ഓയിലി സ്‌കിന്‍ ഉളളവര്‍ക്ക് ഏറ്റവും നല്ലതാണ് ഈ ബീറ്റ്‌റൂട്ട് ഫെയ്‌സ് പായ്‌ക്ക്. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സൈഡുകള്‍ സെല്ലിനെ കോട്ടം തട്ടാതെ രക്ഷിക്കുകയും ചെയ്യുന്നു. ആര്‍ക്കും എപ്പോഴും പരീക്ഷിക്കാവുന്ന ഒരു ഫെയ്‌സ് പായ്‌ക്കാണിത്.















