ന്യൂഡല്‍ഹി: തലനിറയെ മുടിയുമായി നിഷ്ക്കളങ്കബാല്യം മുഖത്തുവാരിവിതറി ഒരു പതിനാറുകാരന് അന്താരാഷ്ട്ര ക്രിക്കറ്റ് പിച്ചിലേക്ക് കാലെടുത്തവെച്ചത് ഈ ദിനത്തില്‍. ലോകം മാസ്റ്റര്‍ ബ്ലാസ്റ്ററെന്നും ഇന്ത്യന്‍ ആരാധകര്‍ ക്രിക്കറ്റിലെ ദൈവമായും ആരാധിച്ച സച്ചിന് രമേശ് തെണ്ടുല്‍ക്കര്‍ അരങ്ങേറ്റം നടത്തിയ ദിനം ഇന്നായിരുന്നു.
പാകിസ്താനെതിരെ കറാച്ചിയില്‍ 1989 നവംബര്‍ 15നാണ് സച്ചിന് തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ടെസ്ററ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പാകിസ്താന് ലോക ക്രിക്കറ്റിന് സമ്മാനിച്ച പേസ് ബൗളിംഗ് പ്രതിഭ വാഖാര്‍ യൂനസും അരങ്ങേറ്റം കുറിച്ചത് അതേ മത്സരത്തിലായിരുന്നു. സമനിലയിലായ ടെസ്റ്റില്‍ കൗമാര പ്രതിഭകളുടെ ഏറ്റുമുട്ടലില്‍ വാഖാര്‍ യൂനിസിന്റെ പന്തില്‍ 15 റണ്‍സിനാണ് സച്ചിന് ആദ്യ ഇന്നിംഗ്സില്‍ പുറത്തായത്.
2013ലാണ് സച്ചിന് അന്താരാഷ്ട്രക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞത്. ഇന്ത്യയുടെ രണ്ടാം ലോകകിരീടം ധോണിയുടെ നേതൃത്വത്തില്‍ ടീം നേടുമ്പോള്‍ ആ കിരീടം എല്ലാവരും സമര്‍പ്പിച്ചത് സച്ചിനെന്ന പ്രതിഭയ്ക്കുള്ള അംഗീകാരമായിട്ടാണ്. ആനന്ദക്കണ്ണീരുമായി നിന്ന സച്ചിനെ തോളിലേറ്റി സ്റ്റേഡിയം വലംവെയ്ക്കുന്ന ടീം ഇന്ത്യയെ ഇന്ത്യന്‍ ആരാധകര്‍ നെഞ്ചിലേറ്റി. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പരമോന്നത ബഹുമതിയായ ഹാള്‍ ഓഫ് ഫെയിം നേടിയവരില്‍ ആറാമനാണ് സച്ചിന്.
Comments