പ്രായഭേദമെന്യേ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നം ആണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ. നാം കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ദഹിക്കാത്തത് ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണം ആകുന്നത്. ഒരാളുടെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ദഹന പ്രക്രിയയ്ക്ക് വളരെയധികം പ്രാധാന്യം തന്നെയാണുള്ളത്. ഭക്ഷണത്തെ ആഗിരണം ചെയ്യാനും പോഷകങ്ങളെ വേർതിരിച്ചെടുക്കാനും ദഹനപ്രക്രിയ നല്ല രീതിയിൽ നടന്നാൽ മാത്രമേ സാധിക്കുകയുള്ളൂ.
മലബന്ധം, വയറിളക്കം, ഗ്യാസ് ഇവയെല്ലാം ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഉദാഹരണമാണ്. ഇവയ്ക്കെല്ലാം പരിഹാരമെന്നത് ശരിയായ ദഹനം മാത്രമാണ്. ശരിയായ ദഹനത്തിന് ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.
ഇഞ്ചി
ദഹനത്തെ മെച്ചപ്പെടുത്താനും ഓക്കാനം പോലെയുള്ള അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഇഞ്ചി സഹായിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുകയോ അല്ലെങ്കിൽ ദിവസത്തിൽ മൂന്നോ നാലോ നേരം ഇഞ്ചി ചായ കുടിക്കുന്നതോ നല്ലതാണ്.
ജീരകം
ഗ്യാസ് ഉണ്ടാകുമ്പോൾ പലരുടെയും മനസിൽ ഓടിയെത്തുന്ന ഒന്നാണ് ജീരകം. ഭക്ഷണം കഴിഞ്ഞതിന് ശേഷം പലർക്കുമുള്ള ശീലമാണ് ജീരകം കഴിക്കൽ. പലരും ഒരു രസത്തിന് ചെയ്യാറുള്ള ഈ ശീലം ദഹനത്തിന് എത്രമേൽ സഹായകമാണെന്ന് ഓർത്തിട്ടുണ്ടോ ? ശരിയായ ദഹനത്തിന് കാരണമാകുന്നതിനോടൊപ്പം രക്തസമ്മർദം നിയന്ത്രിക്കാനും ജലാംശം നിയന്ത്രിക്കാനും ജീരകം സഹായിക്കുന്നു. കൂടാതെ കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ജീരകം സഹായിക്കും.
തൈര്
ശരീരത്തിന് വളരെയധികം ഗുണമുള്ള ഒന്നാണ് തൈര്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന ഒന്നാണ് തൈര്. ദിവസത്തിൽ ഒരു കപ്പ് തൈര് എങ്കിലും കഴിക്കണം എന്നാണ് പറയപ്പെടുന്നത്.
നാരങ്ങ വെള്ളം
വെറുമൊരു പാനീയം എന്നതിലുപരി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് നാരങ്ങ വെള്ളം. ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നതോടൊപ്പം ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കൂടിയാണ് നാരങ്ങ വെള്ളം.
Comments