ലണ്ടന്‍: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സമ്മാനവുമായി ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി. തങ്ങളുടെ ആയിരാമത്തെ മത്സരത്തിന് കൗണ്ട് ഡൗണ്‍ ചെയ്യാന്‍ മലയാളികള്‍ക്ക് അവസരം നല്‍കിയാണ് ചെല്‍സി ആരാധകരെ ഞെട്ടിച്ചത്. ടോട്ടെന്നത്തിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിലാണ് ബിഗ് സ്‌ക്രീനില്‍ കൗണ്ട് ഡൗണിനായി മലയാളികള്‍ എത്തിയത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ക്ലബ്ബ് ഇക്കാര്യം ചെല്‍സി ഫാന്‍സ് കേരളയെ അറിയിച്ചിരുന്നു. തങ്ങളുടെ സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോഡ് ബ്രിഡ്ജിലെ ബിഗ് സ്‌ക്രീനില്‍ കളി തുടങ്ങുന്നതിന് മുന്നോടിയായി 10 തൊട്ട് 1 വരെയുള്ള കൗണ്ട് ഡൗണ്‍ ചെയ്യാനുള്ള അവസരം മലയാളി ആരാധകര്‍ക്കാണെന്നാണ് ക്ലബ്ബ് അറിയിച്ചത്. തുടര്‍ന്ന് നൂറ് കണക്കിന് വീഡിയോകള്‍ ചെല്‍സിയുടെ മലയാളി ആരാധകര്‍ അയച്ചു കൊടുത്തു. ഇതില്‍ നിന്നും തെരഞ്ഞെടുത്ത 10 പേരുടെ കൗണ്ട് ഡൗണ്‍ ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയാണ് ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞത്.
ചെല്‍സി ഉടമ റോമന്‍ അര്‍ബ്രമോവിച് ക്ലബ്ബ് വാങ്ങിയതിനു ശേഷമുള്ള ആയിരാമത്തെ മത്സരമായിരുന്നു ഞായറാഴ്ച നടന്നത്. മലയാളി ആരാധകര്‍ മലയാളത്തിലും ഇംഗ്ലീഷിലും ഇടകലര്‍ത്തിയാണ് കൗണ്ട് ഡൗണ്‍ ചെയ്തത്. ഈ വീഡിയോയ്‌ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സ്മരണയ്‌ക്കായി സമര്‍പ്പിച്ച വീഡിയോയും ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.















