ഇസ്ലാമാബാദ് : പാകിസ്താനിൽ കൊറോണ വ്യാപനം തടയാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മതിയായ നടപടികൾ സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി പാക് മന്ത്രി. ആസൂത്രണ വികസന മന്ത്രി ആസാദ് ഉമറാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നത്. ഇത്തരത്തിൽ മുന്നോട്ട് പോകുകയാണെങ്കിൽ അമേരിക്കയ്ക്കും, ബ്രിട്ടണും സമാനമായ സാഹചര്യമാകും രാജ്യത്തുണ്ടാകുകയെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിട്ടണിലും, അമേരിക്കയിലും ഒന്നാം ഘട്ടത്തിൽ ഉണ്ടായതിനേക്കാൾ കൂടുതൽ രോഗികളും, മരണങ്ങളുമാണ് നിലവിൽ പ്രതിദിനം ഉണ്ടാകുന്നത്. ഇത് അപായ സൂചനയാണ് നൽകുന്നത്. ഇനിയെങ്കിലും ശരിയായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പരിണിത ഫലം വലുതായിരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
നമ്മുടെ വ്യക്തിപരമായ തീരുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് രോഗവ്യാപന തോത്. അതുകൊണ്ടുതന്നെ ശ്രദ്ധിച്ചുവേണം ഓരോ തീരുമാനങ്ങളും എടുക്കാൻ. ഉചിതമായ തീരുമാനങ്ങൾ എടുത്താൽ രോഗവ്യാപന തോത് ഇല്ലാതാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
Comments