ആളുകള്‍ പോകാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരിടമാണ് ദ്വീപുകള്‍. അത്തരത്തില്‍ വളരെ മനോഹരവും സഞ്ചാരികള്‍ ഏറെ എത്തിപ്പെടുന്നതുമായ ചെറു ദ്വീപുകളുടെ പറുദീസയാണ് ലക്ഷദ്വീപ്. ഇപ്പോഴിതാ ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വളരെ ആവേശത്തോടും സന്തോഷത്തോടു കൂടിയാണ് ലക്ഷദ്വീപ് നിവാസികള്‍ ഈ പ്രദര്‍ശനത്തെ വരവേല്‍ക്കുന്നത്. ലക്ഷദ്വീപിലെ യുവാക്കളുടെ കൂട്ടായ്മയില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉടലെടുക്കുന്നത്. വ്യത്യസ്തമായ ഒരു ഷോര്‍ട്ട് ഫിലിമിലൂടെ നാടിന്റെ ചരിത്രവും കാഴ്ചകളും ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ചിത്രത്തിന് പിന്നിലെ യുവാക്കളുടെ ഉദേശം.
ഇവരുടെ യൂട്യൂബ് ചാനല്‍ വഴി നാടിനെ പരിചയപ്പെടുത്തുകയും , വിവിധ ദൃശ്യങ്ങള്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിന്റെ ഭംഗി നിരവധി ചിത്രങ്ങളിലൂടെ ആളുകള്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ടെങ്കിലും ഒരു സിനിമ തിയേറ്റര്‍ പോലുമില്ലാത്ത ദ്വീപുകാര്‍ക്ക് വലിയൊരു സ്വപ്നം തന്നെയാണ് ‘അപ്പലും മലഞ്ഞിയും’എന്ന ഈ ഷോര്‍ട്ട് ഫിലിമിലൂടെ സാക്ഷാത്കരിക്കുന്നത്. കടലിനടിയിലുള്ള രണ്ട് ജീവികളുടെ പേരാണ് ചിത്രത്തിന്റെ ടൈറ്റിലിലൂടെ സുചിപ്പിക്കുന്നത്. ഒരി റഹ്മാന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ഷോര്‍ട്ട് ഫിലിം മുഹമ്മദ് സാജിദാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മുഹമ്മദ് സ്വാദിക്കാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും ചെറുതാണ് ലക്ഷദ്വീപ്. 1956-ല്‍ രൂപംകൊണ്ടു 1973-ല്‍ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു. കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികള്‍. മലയാളമാണ് ദ്വീപിന്റെ ഔദ്യോഗിക ഭാഷ. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്.
Comments