ബ്രസൽസ്: ജനാധിപത്യ മൂല്യങ്ങൾ അപകടമെന്ന ചിന്തയാണ് റഷ്യയെ നയിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ പ്രതിനിധി ജോസെപ് ബോറലാണ് റഷ്യയുടെ പൊതുനയത്തെ വിമർശിച്ചത്. വിമർശിച്ച യൂറോപ്യൻ യൂണിയനെതിരെ പ്രതികരണവുമായി റഷ്യൻ വിദേശകാര്യമന്ത്രി സെർഗേ ലാവ്‌റോവ് രംഗത്തെത്തി.
സമൂഹമാദ്ധ്യമത്തിലൂടെയാണ് ബോറൽ കടുത്ത വിമർശനം നടത്തിയത്. ജനാധിപത്യമൂല്യങ്ങൾ തങ്ങളുടെ നിലനിൽപ്പിന് തന്നെ അപകടമാണെന്ന മട്ടിലുള്ള ഭരണമാണ് റഷ്യയിലേതെന്ന ഗുരുതരമായ ആരോപണമാണ് ബോറൽ നടത്തിയത്. റഷ്യയിലെ പ്രതിപക്ഷത്തെ പുടിൻ ഭരണകൂടം അടിച്ചമർത്തുന്നു എന്നാണ് ബോറലിന്റെ പ്രതികരണം. ‘റഷ്യ പുരോഗമനകാര്യത്തിൽ യൂറോപ്പിൽ നിന്നും ഏറെ അകലെയാണ്. ജനാധിപത്യ മൂല്യങ്ങൾ ഒരു ഭീഷണിയാണെന്ന തരത്തിലാണ് അവരുടെ സമീപനം’ ബോറൽ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞയാഴ്ചയാണ് ജോസെപ് ബോറൽ റഷ്യ സന്ദർശിച്ചത്.മേഖലയിലെ ഭൂമിശാസ്ത്രപരമായ സഹകരണങ്ങളെപ്പറ്റിയും യൂറോപ്യൻ രാജ്യങ്ങളുടെ പരസ്പര ബന്ധത്തെപ്പറ്റിയും ചർച്ച നടത്താനാണ് ബോറലെത്തിയത്. ഫെബ്രുവരി നാലിനും അഞ്ചിനും ബോറൽ റഷ്യയിലുണ്ടായിരുന്നു. തിരികെ പോയ ശേഷമാണ് ട്വിറ്ററിലൂടെ പുടിൻ വിരുദ്ധ പരാമർശം നടത്തിയത്.
ബോറലിന്റെ പരാമർശം അത്ഭുതപ്പെടുത്തിയെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്. ബോറലിന് റഷ്യയുടെ സന്ദർശനത്തിന്റെ വിലയിരുത്തൽ നടത്താനാണ് അവസരം നൽകിയതെന്നും ഒരു നിയന്ത്രണവും വാർത്താ സമ്മേളനത്തിൽ ഏർപ്പെടുത്തിയിരുന്നില്ലെന്നും ലോവറേവ് വ്യക്തമാക്കി.















