അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 71 പോയിന്റുമായി ഇന്ത്യ ഫൈനൽ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഇന്ത്യക്കെതിരെ രണ്ട് തുടർ തോൽവികൾ ഏറ്റുവാങ്ങിയതോടെ ഇംഗ്ലണ്ട് ഫൈനൽ കാണാതെ പുറത്തായി.
ഒന്നാം ടെസ്റ്റിലെ തോൽവി ഇന്ത്യയ്‌ക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തിരിച്ചടിയായിരുന്നു. എന്നാൽ രണ്ടും മൂന്നും ടെസ്റ്റുകളിലെ മിന്നും വിജയങ്ങളാണ് ഇന്ത്യയെ വീണ്ടും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേയ്‌ക്ക് ശക്തമായി തിരിച്ചുകൊണ്ടുവന്നത്. മൂന്നാം ടെസ്റ്റിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. ഇതോടെ ഇംഗ്ലണ്ടിന്റെ പോയിന്റ് 64.1 ആയി കുറഞ്ഞു.
70 പോയിന്റുമായി ന്യൂസിലൻഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ജയമോ സമനിലയോ സ്വന്തമാക്കാനായാൽ ഇന്ത്യ ഫൈനൽ ഉറപ്പിക്കും. ഇന്ത്യ പരാജയപ്പെട്ടാൽ 69.1 പോയിന്റുമായി മൂന്നാമതുള്ള ഓസ്‌ട്രേലിയ ഫൈനലിലെത്തും. ജൂൺ 18നാണ് ഫൈനൽ നടക്കുക.















