നന്ദിയുളള മൃഗമാണ് നായ എന്ന് പൊതുവെ പറയാറുണ്ട്. കാരുണ്യവും സ്നേഹവും കൂടുതല്‍ പ്രകടിപ്പിക്കുന്നത് മനുഷ്യരെക്കാള്‍, മൃഗങ്ങളാണ്. പ്രത്യേകിച്ച് നായകള്‍. തിരിച്ചൊന്നും തന്നെ പ്രതീക്ഷിക്കാതെയാണ് അവ നന്മ സ്നേഹിക്കുന്നത്. വളര്‍ത്തു നായകളെ സംബന്ധിച്ച് യജമാനനോടുളള കൂറും സ്നേഹവും ഏറെയാണ്. അതു പോലെ തന്നെ തെരുവുനായകളും ചിലപ്പോള്‍ നമുക്ക് ഉപകാരപ്രദമാകാറുണ്ട്. എങ്കിലും മനുഷ്യന് ഇവയെ ഉപദ്രവിക്കുകയാണ് ചെയ്യാറുളളത്. എന്നാല്‍, അവയോട് അങ്ങേയറ്റം കരുണ കാണിക്കുന്ന ഒട്ടേറെപ്പേര്‍ വേറെയുമുണ്ട്.
കേരള പോലീസ് എന്നും തെരുവുനായകളോട് അനുകമ്പയും കനിവും കാണിക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഇപ്പോഴിതാ, അത്തരത്തിലുളള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. കേരള പോലീസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പങ്കുവെച്ചത്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറാട്ട് നടക്കുന്ന സമയത്ത് കനത്ത മഴയായിരുന്നു. മഴയത്ത് ഭക്തര്‍ക്കും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം നില്‍ക്കുകയാണ് ഒരു നായ. മഴയത്ത് എല്ലാവരും കുട ചൂടി നില്ക്കുമ്പോള് ആ നായ മഴയത്താണ്.
ആ സമയം ഒരു പോലീസ് ഉദ്യോഗസ്ഥന് അടുത്ത് നില്ക്കുന്ന നായയെ തന്റെ കുടക്കീഴിലാക്കി. പതുങ്ങി, പേടിയോടെ അദ്ദേഹത്തിന്റെ അരികില്‍ നിന്നും നായ നീങ്ങി നില്ക്കുമ്പോള് നനയാതിരിക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ട് പോലീസ് ഉദ്യോഗസ്ഥനും ഒപ്പം നീങ്ങുന്നു. അതേസമയം, വേനല്‍ മഴയ്ക്ക് മുന്‍പ് കനത്ത ചൂടില്‍ നായകള്‍ വാഹനങ്ങള്‍ക്കടിയില്‍ തണുപ്പ് തേടി എത്തുമെന്ന മുന്നറിയിപ്പും പോലീസ് നല്‍കിയിരുന്നു. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പായി അതിന്റെ അടിയില്‍ മൃഗങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പാക്കണം എന്ന കാര്യം പോലീസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
Comments