പാറ്റ്ന: അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്. ബിഹാറിലെ ബങ്കയിലെ ഹീർ മോട്ടി ഗ്രാമത്തിലാണ് സംഭവം. നാല്‍പ്പത്തിയഞ്ചുകാരനായ സിക്കന്ദർ യാദവാണ് ഭാര്യയുടെ അമ്മയായ ഗീതാദേവി( 55) യെ വിവാഹം ചെയ്തത്.
മകളുടെ മരണശേഷമാണ് കുഞ്ഞുങ്ങളെ നോക്കാനായി ഗീതാദേവി ഇവരുടെ വീട്ടിൽ താമസം തുടങ്ങിയത്. സിക്കന്ദറിന് രണ്ട് കുട്ടികളുണ്ട്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
ഇവരുടെ പെരുമാറ്റത്തിൽ ഗീതാദേവിയുടെ ഭർത്താവ് ദിലേശ്വർ ദാർവെയക്ക് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പ്രണയം കണ്ടെത്തിയത്. തുടർന്ന് അമ്മായിയച്ഛൻ ഇക്കാര്യം പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് സഭയ്ക്ക് മുൻപാകെയും സിക്കന്ദർ പ്രണയം വെളിപ്പെടുത്തിയതോടെ, അമ്മായിച്ഛൻ തന്നെ മുൻകൈയടുത്ത് അവരുടെ വിവാഹത്തിനുള്ള ഏർപ്പാടുകൾ ചെയ്തു നൽകി. ആചാരപ്രകാരം നടത്തിയ ചടങ്ങുകൾക്ക് ഒടുവിൽ വിവാഹം റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സന്തോഷത്തോടെയാണ് വിവാഹത്തിന് സമ്മതം നൽകിയതെന്ന് ദാർവെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ, ഗ്രാമീണരുടെ സാന്നിധ്യത്തിൽ സിക്കന്ദർ ഗീതാദേവിക്ക് സിന്ദൂരം ചാര്‍ത്തുന്നത് കാണാം. ഗ്രാമവാസികൾ ചടങ്ങുകൾ മൊബൈലിൽ പകർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.