കാറിന്റെ ഉള്ളില്‍ എവിടെയോ ഒരു കൂറ്റന്‍ രാജവെമ്പാല പതുങ്ങിയിരിപ്പുണ്ട്. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അതിനെ കണ്ടെത്താന്‍ സാധിക്കുന്നില്ല. ആരും പേടിച്ചു പോകും ഈ അവസ്ഥയില്‍. എന്നാല്‍ അവസാനം അതിനെ കണ്ടെത്തുകയും ചെയ്തു. അത്തരത്തില്‍ കാറിന്റെ ബോണറ്റിനുള്ളില്‍ നിന്നും പതുങ്ങിയിരിക്കുന്ന കൂറ്റന്‍ രാജവെമ്പാലയെ പിടി കൂടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തായ്ലന്ഡിലെ ചന്ദാബുരിയില് ആണ് ഈ സംഭവം നടന്നത്.
അവിടുത്തെ ഫാം ജീവനക്കാരനായ പ്രസോങ് സോംസുദ് തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഫാമിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന തന്റെ കാറിന്റെ അടുത്ത് എത്തിയപ്പോഴാണ് രാജവെമ്പാല അതിന്റെ അടിയിലേക്ക് ഇഴഞ്ഞു പോകുന്നത് കാണുന്നത്. എന്നാല്‍ പിന്നീട് എത്ര തിരഞ്ഞിട്ടും ആ പാമ്പിനെ അവിടെ കണ്ടെത്താന്‍ അയാള്‍ക്കു സാധിച്ചില്ല. അതോടെ ആ പാമ്പ് മറ്റെവിടെയും പോകാന്‍ ഇടയില്ലെന്നും തന്റെ കാറിനുള്ളില്‍ തന്നെ കയറിയിട്ടുണ്ടാകും എന്നും പ്രസോങ് സോംസുദ് ഉറപ്പിച്ചു.
ഉടനെ തന്നെ പാമ്പു പിടുത്ത വിദഗ്ധരെ വിവരം അറിയിക്കുകയും തൊട്ടടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ കാര്‍ എത്തിക്കുകയും. ചെയ്തു. ശേഷം വര്‍ക്ക് ഷോപ്പ് ജീവനക്കാരും പാമ്പു പിടുത്ത വിദഗ്ധരും ചേര്‍ന്ന് പരിശോധന നടത്തി. എല്ലായിടത്തും പരിശോധിച്ചെങ്കിലും ആദ്യം പാമ്പിനെ എവിടേയും കണ്ടെത്താനായില്ല. പിന്നീട് നടത്തിയ അഞ്ചു മണക്കൂര് നീണ്ട പരിശ്രമത്തിന് ശേഷമാണ് രാജവെമ്പാലയെ കണ്ടെത്തിയത്. കാറിനുള്ളില്‍ എന്‍ജിനകത്ത് പതുങ്ങിയിരിക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. പിടി കൂടിയ പാമ്പിനെ പിന്നീട് വനത്തിലേക്ക് തുറന്നു വിട്ടു.
Comments