ചെന്നൈ: കൊൽക്കത്ത നൈറ്റ് റെെഡേഴ്സ് ഉയർത്തിയ 188 റൺസ്
വിജയലക്ഷ്യം പിന്തുടർന്ന ഹെെദരാബാദ് സൺ റൈസേഴ്സിന് 10 റൺസ് അകലെ വിജയം കൈവിട്ടു. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങേണ്ടി വന്ന കാെൽക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസ് നേടിയത്.
ഓപ്പണർ നിതീഷ് റാണ, രാഹുൽ ത്രിപാഠി എന്നിവരുടെ അർദ്ധസെഞ്ച്വറികളാണ് കാെൽക്കത്തയുടെ സ്കോറിൽ നിർണായകമായത്.നിതീഷ് റാണ 56 പന്തിൽ നിന്ന് 80 റൺസും രാഹുൽ ത്രിപാഠി 29 പന്തിൽ 53 റൺസുമെടുത്തു.
ഓപ്പണിംഗ് വിക്കറ്റിൽ കൊൽക്കത്തയ്ക്ക് വേണ്ടി നിതീഷ് റാണ -ശുഭ്മാൻ ഗിൽ കൂട്ടുകെട്ട് 53 റൺസ് നേടി. 13 പന്തിൽ 15 റൺസ് ആയിരുന്നു ശുഭ്മാൻ ഗില്ലിന്റെ സംഭാവന. രണ്ടാം വിക്കറ്റിൽ ഒരുമിച്ച നിതീഷ് – രാഹുൽ സഖ്യം 93 റൺസാണ് കൂട്ടിച്ചേർത്തത്. 15ാം ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 145 എന്ന നിലയിലായിരുന്നു കാെൽക്കത്ത. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക് ആണ് ടീമിന്റെ റൺ റേറ്റ് ഉയർത്തിയത്. 9 പന്തിൽ നിന്ന് 22 റൺസ് നേടി ദിനേശ് കാർത്തിക് പുറത്താകാതെ നിന്നു. അവസാന ഓവറിൽ 16 റൺസാണ് ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ
സൺറൈസേഴ്സിന് വേണ്ടി മനീഷ് പാണ്ഡെ വൻമതിലായി നിലയുറപ്പിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.10 റൺസിനിടെ ഓപ്പണിംഗ് വിക്കറ്റുകൾ നഷ്ടമായ സൺറൈസേഴ്സിന് മൂന്നാം വിക്കറ്റിൽ മനീഷ് പാണ്ഡെ ജാേണി ബെയർസ്റ്റോ സഖ്യമാണ് ജീവശ്വാസം നൽകിയത്.
ബെയർസ്റ്റോ 40 പന്തിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 55 റൺസെടുത്തു. മനീഷ് പാണ്ഡെ 61 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ ക്രീസിൽ നിലയുറപ്പിച്ചെങ്കിലും റൺ റേറ്റ് ഉയർത്താൻ പാണ്ഡെയ്ക്ക് കഴിഞ്ഞില്ല. അബ്ദുൾ സമദ് എട്ട് പന്തിൽ 19 റൺസുമായി പുറത്താകാതെ നിന്നു.
സൺ റൈസേഴ്സിനായി റാഷിദ് ഖാനും മുഹമ്മദ് നബിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. കാെൽക്കത്തയ്ക്കായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
Comments