ചെന്നൈ : ആദ്യമാച്ചിലെ തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഐപിഎല്ലിൽ ഉജ്ജ്വല തിരിച്ചു വരവ് നടത്തി മുംബൈ ഇന്ത്യൻസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പത്ത് റൺസിനാണ് മുംബൈ ഇന്ത്യൻസ് തറപറ്റിച്ചത്. താരതമ്യേന കുറഞ്ഞ സ്കോർ പിന്തുടർന്ന കൊൽക്കത്തയെ ഉജ്ജ്വലമായ ബൗളിംഗിലൂടെയാണ് മുംബൈ പിടിച്ചു കെട്ടിയത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ഏഴ് വിക്കറ്റിന് 152 റൺസാണെടുത്തത്. 32 പന്തിൽ 43 റൺസ് നേടിയ രോഹിത് ശർമ്മയും 36 പന്തുകളിൽ 56 റൺസ് അടിച്ചെടുത്ത സൂര്യകുമാർ യാദവുമാണ് തിളങ്ങിയത്. മദ്ധ്യനിരയേയും വാലറ്റത്തേയും ആന്ദ്രെ റസ്സൽ തകർത്തതോടെ മുംബൈ താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങുകയായിരുന്നു. ഇരുപതാം ഓവറിൽ ആന്ദ്രേ റസൽ നേടിയ ഹാട്രിക്ക് മുംബൈക്ക് വലിയ തിരിച്ചടിയായി. കൊൽക്കത്തയ്ക്ക് വേണ്ടി രണ്ട് ഓവറിൽ 15 റൺസ് വഴങ്ങിയ റസൽ അഞ്ച് വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് ഓപ്പണർമാർ നൽകിയ നല്ല തുടക്കം മുതലാക്കാനായില്ല. നിതീഷ് റാണയും ശുഭ്മാൻ ഗില്ലും ഓപ്പണിംഗ് വിക്കറ്റിൽ 72 റൺസ് ചേർത്തെങ്കിലും രാഹുൽ ചഹറിന്റെ പന്തുകളിൽ ഇരുവരും അടുത്തടുത്ത് പുറത്തായതോടെ കളിയുടെ ഗതി മാറി. ക്യാപ്ടൻ മോർഗനേയും രാഹുൽ ത്രിപാഠിയേയും ചഹർ പുറത്താക്കിയപ്പോൾ ഷാക്കിബ് അൽ ഹസനെ ക്രുനാൽ പാണ്ഡ്യ കൂടാരം കയറ്റി. അപകടകാരിയായ ആന്ദ്രെ റസ്സൽ റണ്ണെടുക്കാൻ വിഷമിച്ചതോടെ കൊൽക്കത്തയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റിന് 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ദിനേഷ് കാർത്തിക്കും നിറം മങ്ങിയ പ്രകടനമാണ് കാഴ്ച്ച വച്ചത്. ലെഗ് സ്പിന്നർ രാഹുൽ ചഹറാണ് മാൻ ഓഫ് ദ മാച്ച്.
Comments