മൃഗങ്ങളുടെ പല തരത്തിലുളള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. അവയില്‍ വ്യത്യസ്തമായവ വൈറലാകാറുമുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പുള്ളിപ്പുലി പിടികൂടിയ കൃഷ്ണമൃഗത്തെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കഴുതപ്പുലിയുടെ ദൃശ്യങ്ങളാണ് സൈബര്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നുളള ദൃശ്യങ്ങളാണ് വൈറലായത്. നാല്പത്തി മൂന്നുകാരിയായ ചാര്ലെനെ സ്വേന്പോവെല് ആണ് ഈ അപൂര്‍വ്വ ദൃശ്യം പകര്‍ത്തിയത്.
പുലര്‍ച്ചെ സഫാരിക്കിറങ്ങിയ ചാര്ലെനെ സ്വേന്പോവെലും സംഘം വലിയ മരത്തിനു പിന്നില്‍ പതുങ്ങിയിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടാണ് വാഹനം നിര്‍ത്തി അതിനെ നിരീക്ഷിച്ചത്. അപ്പോഴാണ് ഒരു കൂട്ടം ഇംപാലകള്‍ അവിടേക്ക് ഓടിയെത്തിയത്. മറ്റ് ഇംപാലകള്‍ പുള്ളിപ്പുലി മറഞ്ഞിരിക്കുന്ന മരത്തിനു മുന്നിലൂടെ ഓടി പോയപ്പോള്‍ കൂട്ടത്തില്‍ ഗര്‍ഭിണിയായ ഇംപാല വിശ്രമിക്കാനായി മരച്ചുവട്ടില്‍ നിന്നു. കിട്ടിയ അവസരം പാഴാക്കാതെ പുള്ളിപ്പുലി അപ്പോള്‍ തന്നെ ഇംപാലയുടെ മേല്‍ ചാടിവീണ ശേഷം അതിന്റെ കഴുത്തില്‍ പിടിമുറുക്കി. ഇത് കണ്ടുകൊണ്ടു വന്ന കഴുതപ്പുലി പാഞ്ഞെത്തി.
പുള്ളിപ്പുലിയുടെ ഇരയെ തട്ടിയെടുക്കാന്‍ കഴുതപ്പുലിക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നില്ല. കഴുതപ്പുലി തട്ടിയെടുത്ത ഇംപാലയെ തിരിച്ചു പിടിക്കാന്‍ പുള്ളിപ്പുലി പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ഭയന്ന പുള്ളിപ്പുലി മരത്തിനു മുകളില്‍ ഇടംപിടിക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരു പുള്ളിപ്പുലിയും അവിടേക്കെത്തി. അതിനെയും കഴുതപ്പുലി ഓടിച്ചു. പിടികൂടിയ ഇംപാല ഗര്‍ഭിണിയായിരുന്നു. കഴുതപ്പുലിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇംപാലയും പരിശ്രമിച്ചെങ്കിലും നടന്നില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ പോരാട്ട വീഡിയോ.
Comments