ചെന്നൈ : സൺറൈസേഴ്സിനെ 13 റൺസിന് തറപറ്റിച്ച് മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 151 റൺസ് പിന്തുടർന്ന സൺറൈസേഴ്സ് 137 റൺസിന് എല്ലാവരും പുറത്തായി. ക്യാപ്ടൻ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോവും ചേർന്ന് ആദ്യ വിക്കറ്റിൽ 67 റൺസ് അടിച്ചെടുത്തെങ്കിലും മദ്ധ്യ നിര തകർന്നത് സൺറൈസേഴ്സിന് തിരിച്ചടിയായി. ക്യാപ്ടൻ വാർണർ റണ്ണൗട്ടായത് കളിയുടെ ഗതി തിരിക്കുകയും ചെയ്തു. ഉജ്ജ്വല ഫീൽഡിംഗ് നടത്തിയ മുംബൈ രണ്ട് മുൻനിര ബാറ്റ്സ്മാന്മാരെ റണ്ണൗട്ടാക്കി വിജയം കൈപ്പിടിയിലാക്കുകയായിരുന്നു . ഹൈദരാബാദിനു വേണ്ടി ബെയർസ്റ്റോ 43 ഉം വാർണർ 36 ഉം റൺസെടുത്തു. മദ്ധ്യ നിരയിൽ 28 റൺസെടുത്ത വിജയ് ശങ്കർ മാത്രമാണ് ചെറുത്ത് നിൽക്കാൻ ശ്രമിച്ചത്.
മുംബൈക്ക് വേണ്ടി ട്രെൻഡ് ബോൾട്ടും രാഹുൽ ചഹറും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂമ്രയും മുംബൈയുടെ വിജയത്തിന് സംഭാവന നൽകി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് ക്യാപ്ടൻ രോഹിത് ശർമ്മയും ക്വിന്റൺ ഡികോക്കും നല്ല തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ ഇത് മുതലാക്കാൻ പിന്നീട് വന്നവർക്കായില്ല. മദ്ധ്യ നിര തകർന്നതോടെ കൂറ്റൻ സ്കോറിലേക്കെത്താൻ മുംബൈക്ക് കഴിഞ്ഞില്ല. ഡികോക്ക് നാൽപ്പതും രോഹിത് ശർമ്മ 32 ഉം റൺസെടുത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച കീറോൺ പൊള്ളാർഡ് ആണ് മുംബൈക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പൊള്ളാർഡ് 22 പന്തിൽ 35 റൺസ് നേടി പുറത്താകാതെ നിന്നു.
സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടി ഖലീൽ അഹമ്മദും റാഷിദ് ഖാനും മികച്ച ബൗളിംഗ് കാഴ്ച്ച വച്ചു. ഇരുവരുടേയും പന്തുകളിൽ കൂറ്റൻ അടികൾ നടത്താൻ കഴിയാതെ മുംബൈ ബാറ്റ്സ്മാന്മാർ കഷ്ടപ്പെട്ടു. റാഷിദ് 4 ഓവറിൽ 22 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഖാലിദ് നാല് ഓവറിൽ 24 റൺസും.
Comments