ലണ്ടൻ: എഫ് എ കപ്പ് കിരീടം ലെസ്റ്റര്‍ സിറ്റിക്ക്. കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്ലൂ ഫോക്സസ് കിരീടം നേടിയത്. യൂറി ടിലെമന്‍സ് നേടിയ ഗോളാണ് ലെസ്റ്ററിന് ജയമൊരുക്കിയത്. ലെസ്റ്ററിന്റെ ആദ്യ എഫ്എ കപ്പ് കിരീടമാണിത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ചെല്‍സിയെ ഞെട്ടിച്ച് ലെസ്റ്റര്‍ വലകുലുക്കിയത്. 63-ാം മിനിറ്റിലായിരുന്നു ടിലെമന്‍സിന്റെ ഗോൾ. ബോക്‌സിന് പുറത്തുനിന്ന് ടിലെമന്‍സ് തൊടുത്തുവിട്ട ലോങ് റേഞ്ചര്‍ ഗോള്‍ കീപ്പര്‍ കെപയെ മറികടന്ന് വലകുലുക്കുകയായിരുന്നു.
തിരിച്ചടിക്കാനുള്ള ശ്രമം ചെല്‍സി നടത്തിയെങ്കിലും ലെസ്റ്റര്‍ ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷിമൈക്കിളിനെ മറികടക്കാൻ അവർക്കായില്ല. 86-ാം മിനിറ്റില്‍ മേസണ്‍ മൗണ്ടിന്റെ ഷോട്ട് ഷിമൈക്കിള്‍ തട്ടിയകറ്റി. 90-ാം മിനിറ്റില്‍ ചെല്‍സി സമനില ഗോൾ നേടി ആഘോഷിച്ചെങ്കിലും അതിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. വാർ അത് ഓഫ്‌സൈഡ് വിളിച്ചു. തുടർച്ചയായ രണ്ടാം വട്ടമാണ് ചെൽസി എഫ്എ കപ്പിന്റെ ഫൈനലിൽ തോൽക്കുന്നത്.















