ഇടുക്കി : സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് ആയ ഇടമലക്കുടിയിൽ കൊറോണ സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ 40 കാരിക്കും, ഇഡ്ഡലിപ്പാറ ഊരിലെ 24കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നരവർഷക്കാലത്തിനിടെ ആദ്യമായാണ് ഇടമലക്കുടിയിൽ കൊറോണ സ്ഥിരീകരിക്കുന്നത്.
ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം 40കാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. പ്രാരംഭ ലക്ഷണങ്ങളെ തുടർന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ 24 കാരനും രോഗം സ്ഥിരീകരിച്ചു.
ഇടമലക്കുടിയിൽ കൊറോണ വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങളാണ് അധികൃതർ സ്വീകരിച്ചു പോരുന്നത്. പുറത്തുനിന്നും എത്തുന്നവരെ പരിശോധിച്ച ശേഷം മാത്രമാണ് പഞ്ചായത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുക. പഞ്ചായത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ആളുകളുടെ അനാവശ്യയാത്രകൾ തടഞ്ഞിരുന്നു. അതീവ ശ്രദ്ധചെലുത്തിയിട്ടും എങ്ങിനെ രോഗബാധയുണ്ടായി എന്ന കാര്യം അധികൃതർ പരിശോധിച്ചുവരികയാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്തിടെ ബ്ലോഗർ സുജിത് ഭക്തൻ ഇടുക്കി എംപിക്കൊപ്പം ഇടമലക്കുടിയിൽ എത്തിയതും വിവാദമായിരുന്നു.
Comments