തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതൽ പേർക്ക് സിക്ക വൈറസ് ബാധ. പുതുതായി അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി (36) എന്നിവർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. പബ്ലിക് ഹെൽത്ത് ലാബ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് വൈറോളജി ലാബ്, എൻ.ഐ.വി. ആലപ്പുഴ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 61 ആയി.
7 പേരാണ് നിലവിൽ രോഗികളായുള്ളത്. ഇവരാരും തന്നെ ഗർഭിണികളല്ല. ആശുപത്രിയിൽ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.















