ടോക്കിയോ: ഒളിമ്പിക്‌സിൽ അമേരിക്കയ്‌ക്ക് ആശ്വാസമായി സിമോൺ ബൈൽസ്. മാനസിക സമ്മർദ്ദത്തെ അതിജീവിച്ച താരം വെങ്കല മെഡൽ നേടി മികവിലേക്ക് തിരികെ എത്തി. ബാലൻസ് ബീം ഇനത്തിലാണ് സിമോൺ ബൈൽസ് വെങ്കലം നേടിയത്. ഇതേ ഇനത്തിലെ സ്വർണ്ണവും വെള്ളിയും ചൈനീസ് താരങ്ങൾ കരസ്ഥമാക്കി. ടോക്കിയോവിൽ ബൈൽസിന്റെ രണ്ടാം മെഡലാണ് ഇന്നലെ നേടിയത്.
റിയോ ഒളിമ്പിക്‌സിൽ ജിംനാസ്റ്റിക്‌സിൽ ഏഴ് മെഡലുകൾ വാരിക്കൂട്ടിയ താരമാണ് സിമോൺ. ആദ്യ മത്സരത്തിന് ശേഷം കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് നാല് ഇനങ്ങളിൽ നിന്നും അപ്രതീക്ഷിതമായി ബൈൽസ് പിന്മാറുകയായിരുന്നു. ഈ ദശകത്തിലെ ഏറ്റവും മികച്ച ജിംനാസ്റ്റായാണ് സിമോൺ അറിയപ്പെടുന്നത്. ഇതുവരെ ലോകചാമ്പ്യൻഷിപ്പുകളിലും ഒളിന്പിക്സുകളിലുമായി 30 മെഡലുകളാണ് സിമോൺ വാരിക്കൂട്ടിയത്.















