ലണ്ടൻ: ലോർഡ്‌സിൽ ഇന്ത്യക്കെതിരായ പരാജയത്തിനുശേഷം ഇംഗ്ലീഷ് ടീമിൽ അഴിച്ചുപണി. മൂന്നാം ടെസ്റ്റിനുളള ടീമിലേക്ക് ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ ഡേവിഡ് മലാനെ തിരിച്ചുവിളിച്ചു. മോശം ഫോമിനെതുടർന്ന് സാക്ക് ക്രൗളി, ഡോം സിബ്ലി എന്നിവരെ ഒഴിവാക്കി. മൂന്നു വർഷത്തിനിടെ ആദ്യമായാണ് മലാൻ ടെസ്റ്റ് സ്‌ക്വാഡിലെത്തുന്നത്. 2018 ഓഗസ്റ്റിലാണ് താരം ഇംഗ്ലണ്ടിനായി അവസാനമായി ടെസ്റ്റ് കളിച്ചത്. എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ ഇംഗ്ലണ്ട് തോൽപിച്ചിരുന്നു.
ബൗളർ സഖ്വിബ് മഹ്‌മൂദിനെയും ഇംഗ്ലണ്ട് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് 25ന് ലീഡ്‌സിൽ തുടങ്ങും. ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 151 റൺസിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്.















