തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ പ്രതിരോധം പരാജയപ്പെട്ടതിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം ആവർത്തിച്ചാണ് അദ്ദേഹത്തിന്റെയും പരിഹാസം. കൊറോണ കേസുകൾ കുതിച്ചുയർന്നതോടെ ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു രംഗത്ത് വന്നത്.
പ്രശസ്ത ജർമ്മൻ – ഡാനിഷ് ചിത്രകാരനായ എമിൽ നോൾഡെയുടെ ചിത്രം പങ്കുവെച്ചായിരുന്നു പരിഹാസം. അദ്ദേഹം വരച്ച കപ്പിത്താനില്ലാത്ത കപ്പലിന്റെ ചിത്രമാണ് ജോയ് മാത്യു പങ്കുവെച്ചിരിക്കുന്നത്. കപ്പിത്താനെ കാണാനില്ലെന്നും ജോയ് മാത്യു ചിത്രത്തിന് മുകളിലായി കുറിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായതിന് പിന്നാലെ വലിയ പരിഹാസവും വിമർശനവുമാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കുമെതിരെ ഉയരുന്നത്. 14ാം നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ പ്രമേയത്തെ എതിർത്ത് വീണാ ജോർജ് നടത്തിയ പ്രസംഗം കുത്തിപ്പൊക്കിയാണ് ആളുകളുടെ പരിഹാസം.
ഈ കപ്പൽ മുങ്ങുകയില്ലെന്നും ഇതിനൊരു കപ്പിത്താനുണ്ടെന്നുമായിരുന്നു വീണാ ജോർജിന്റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയനെയായിരുന്നു കപ്പിത്താനായി വീണാ ജോർജ് ഉപമിച്ചത്. എന്നാൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയതോടെ ‘കപ്പിത്താന്’ എന്ത് പറ്റിയെന്നാണ് പരിഹാസം ഉയരുന്നത്.
Comments