തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച ‘ബി ദ വാരിയർ’ (Be The Warrior) ക്യാമ്പയിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ചെയ്തു. കൊറോണ അവലോകന യോഗത്തിന് ശേഷമായിരുന്നു ലോഗോ പ്രകാശനം ചെയ്തത്.
സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതാണ് ക്യാമ്പെയ്ൻ. ഓരോരുത്തരും കൊറോണയിൽ നിന്നും സ്വയം രക്ഷനേടുകയും മറ്റുള്ളവരിൽ , സന്ദേശങ്ങൾ എത്തിക്കുകയും വേണം. ശരിയായി മാസ്ക് ധരിച്ചും, സോപ്പും വെള്ളമോ അല്ലെങ്കിൽ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കിയും, ശാരീരിക അകലം പാലിച്ചും, രണ്ട് ഡോസ് വാക്സിനെടുത്തും വൈറസിനെതിരായ പോരാട്ടത്തിൽ പങ്കാളിയാകുക എന്നതാണ് ക്യാമ്പയിന്റെ ഉദ്ദേശം. വീണ്ടും ലോക്ഡൗണിലേക്ക് പോകാൻ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കേണ്ടതാണ്. ആരിൽ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്. അതിനാൽ എല്ലാവരും ജാഗ്രത പുലർത്തണം.
മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്സിനേഷൻ ഊർജ്ജിതമാക്കുകയുമാണ് ബി ദി വാരിയർ ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങൾ. സോപ്പ്, മാസ്ക്, സാമൂഹിക അകലം എന്ന എസ്.എം.എസ്. കൃത്യമായി പാലിക്കുക, ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങൾ മാത്രം കൈമാറുക, റിവേഴ്സ് ക്വാറന്റൈൻ പാലിക്കുക, വയോജനങ്ങൾ, കുട്ടികൾ, കിടപ്പു രോഗികൾ എന്നിവരിലേക്ക് രോഗം എത്തുന്നത് തടയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിവിധ ജനവിഭാഗങ്ങൾക്ക് ശരിയായ അവബോധം നൽകുക എന്നിവയ്ക്കും ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പത്ര, ദൃശ്യ, ശ്രാവ്യ, സാമൂഹ്യ മാധ്യമങ്ങൾ വഴിയും മറ്റ് മാർഗങ്ങളിലൂടെയും കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ഓരോ പൗരന്റെയും പ്രാധാന്യത്തെയും ചുമതലയെയും കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള ഊർജ്ജിത ശ്രമം നടത്തും.
Comments