തിരുവനന്തപുരം: ആട് മോഷണക്കേസിലെ പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ ഏതാനും മാസങ്ങളായി മൂന്ന് പേർ ഒരുമിച്ച് നടത്തിയ ആട് മോഷണ പരമ്പരയാണ് ഇതോടെ പുറത്തുവന്നത്. കന്യാകുമാരി മേപ്പാലം നിരപ്പുകാല പുത്തൻവീട്ടിൽ അശ്വിൻ(23),പാല മങ്കുഴി ചാലിൽ അമൽ(21), പള്ളിപ്പുറം പാച്ചിറ ചായപ്പുറത്തു വീട്ടിൽ ഷഫീഖ് മൻസിലിൽ ഷമീർ(21) എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
പകൽ സമയം കറങ്ങി നടന്ന ആടുകൾ ഉള്ള വീടുകൾ കണ്ട് വെയ്ക്കും. രാത്രി വാഹനങ്ങളിൽ എത്തി മോഷ്ടിക്കും. ആട് ബഹളം വെയ്ക്കാതിരിക്കാൻ ആടിന്റെ മുഖത്ത് ഉപ്പ് തേച്ച ശേഷമാണ് മോഷണം. ഉപ്പ് നക്കി എടുക്കുന്നതിനാൽ ഇവ കരയില്ല. കാറിലാണ് ഇവർ ആടുകളെ കടത്തിയിരുന്നത്. അടുത്ത ദിവസം തന്നെ ഇവയെ ഇറച്ചി വിലയ്ക്ക് വിൽക്കുകയും ചെയ്യും. കഞ്ചാവ് കേസുകളിൽ അടക്കം മൂന്ന് പേരും പ്രതികളാണ്. ലഹരി വസ്തുക്കൾക്ക് അടിമയാണെന്നും പോലീസ് പറയുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങുന്നത്. ഇവരുടെ പക്കൽ നിന്നും വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. മൂന്ന് പേരും ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതികളാണ്. ആട് മോഷണം പോയ വിവരം പലരും പോലീസിൽ പരാതി നൽകിയിരുന്നില്ല. ഇത് പ്രതികൾ മുതലെടുക്കുകയായിരുന്നു.
Comments