ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ചോപ്പർ ഇടപാട് അഴിമതിക്കേസ് പ്രതിയായ രാജീവ് സക്സേന ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. സക്സേനയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഡൽഹി കോടതിക്ക് മുമ്പിൽ ഉടൻ ഹാജരാക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 354 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലാണ് സക്സേനയെ ഇ.ഡി അറസ്റ്റ് ചെയ്തത്. മോസർ ബേയർ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാരാണ് കേസിലെ പ്രധാന പ്രതികൾ.
അഗസ്റ്റ വെസ്റ്റ്ലാൻഡിൽ നിന്ന് 12 വിവിഐപി ഹെലികോപ്റ്ററുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് 3600 കോടി രൂപയുടെ അഴിമതി കേസിൽ പ്രധാന പ്രതിയാണ് രാജീവ് സക്സേന. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയായ സക്സേനയെ കഴിഞ്ഞ ജനുവരി 31നാണ് ചോപ്പർ അഴിമതിയുമായി ബന്ധപ്പെട്ട് യുഎഇ ഇന്ത്യയ്ക്ക് കൈമാറിയത്.
Comments