ന്യൂഡൽഹി: ചെറിയ കാറുകളിൽ എയർബാഗുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ വാഹന നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇടത്തരം കുടുംബങ്ങളിലുള്ളവർ കൂടുതലായും ആശ്രയിക്കുന്ന ഇത്തരത്തിലുള്ള ചെറിയ വാഹനങ്ങളിലെ സുരക്ഷ ഉറപ്പ് വരുത്താനാണ് ഈ നീക്കം.
പ്രീമിയം കാറുകളിലാണ് കൂടുതലായും അധിക എയർബാഗുകൾ കണ്ട് വരുന്നത്. എന്നാൽ സാധാരണക്കാർ ഉപയോഗിക്കുന്ന ചെറിയ കാറുകളിൽ കൂടി ഇവ കൂടുതലായും ഉൾപ്പെടുത്തുന്നത് ഇത്തരം കാറുകളുടെ സുരക്ഷ വർദ്ധിപ്പിക്കും.
‘ ഈ തീരുമാനം അനുസരിച്ച് ചെറിയ വാഹനങ്ങളുടെ വിലയിൽ 3,000 മുതൽ 4000 രൂപയുടെ വരെ വർദ്ധനവുണ്ടായെക്കാം. എന്നാലും ഇടത്തരം കുടുംബങ്ങളിലുള്ളവരുടെ സുരക്ഷയാണ് പ്രധാനം’ മന്ത്രി പറഞ്ഞു.
സാധാരണക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താനും റോഡ് അപകടങ്ങളിൽ നിന്നും ഇത്തരക്കാർക്ക് ഒരു പരിധി വരെ രക്ഷ നൽകാനും ഈ തീരുമാനം ഉപകരിക്കും. കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും ചെറിയ വാഹനങ്ങളിൽ ഘടിപ്പിക്കാനാണ് നിർദ്ദേശം.
എയർബാഗ് സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്നത് ഇതാദ്യമായല്ല. ഇതിനു മുൻപും ഇതേ വിഷയം മന്ത്രി ചർച്ച ചെയ്യുകയും എയർബാഗുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടതുമാണ്. ഇനിയും ഈ തീരുമാനത്തെ മാനിക്കാത്ത നിർമ്മാതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments