മുംബൈ: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉണക്കിയ പഴങ്ങളുടെയും അണ്ടിപരിപ്പിന്റെയും ഉപഭാഗത്തിൽ വൻ വർധനവ്. രോഗത്തെ കുറിച്ചുളള ആശങ്ക കാരണം പ്രതിരോധശേഷി വർധിപ്പിക്കാൻ ഇത്തരം ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തിയതാണ് വിൽപന വർധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
എല്ലാ വർഷവും ദീപാവലി സമയത്താണ് ഉണക്കിയ പഴങ്ങളുടെയും അണ്ടിപരിപ്പിന്റെയും വിൽപന കൂടാറുളളത്. ബന്ധുകൾക്കും സുഹൃത്തുകൾക്കും സമ്മാനമായി കൊടുക്കാൻ വേണ്ടി വാങ്ങുന്നതാണ് ദീപാവലി സീസണിൽ വിൽപന ഏറാൻ കാരണം. സാധാരണ വർഷങ്ങളിൽ ശൈത്യകാലത്താണ് വ്യാപാരത്തിന്റെ 60 ശതമാനവും നടക്കുന്നത്. എന്നാൽ കൊറോണയുടെ വരവ് വലിയ മാറ്റം ഉണ്ടാക്കി.
വിൽപനയിലുണ്ടായ വർധനവിനെതുടർന്ന് വ്യാപാരികൾക്ക് ആവശ്യം നേരിടാൻ ഇറക്കുമതി വർധിപ്പിക്കേണ്ടി വന്നു. വർഷത്തിൽ ശരാശരി രണ്ട് ബില്യൻ ഡോളറിന്റെ ഇറക്കുമതിയാണ് നടത്താറുളളത്. ഇക്കൊലം അത് 2.75 ബില്യൻ വരെ ആയി വർധിക്കാൻ സാധ്യതയുണ്ടെന്ന് പാക്കേജ്ഡ് ഫുഡ്‌സ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബീറ്റ ഗ്രൂപ്പ് ചെയർമാൻ രാജ്‌മോഹൻ പിളള പറഞ്ഞു.
ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ബദാം,പിസ്ത എന്നിവയിൽ 45 ശതമാനവും അമേരിക്കയിൽ നിന്നാണ്. ഈന്തപഴ ഇറക്കുമതിയിൽ പ്രധാന വിപണി പശ്ചിമേഷ്യൻ രാജ്യങ്ങളാണ്. ഉപഭോഗത്തിലുണ്ടായ വർധനവ് വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്.
ബദാമിന്റെ വില 60 ശതമാനം വർധിച്ചു. അത്തിപഴത്തിന്റേത് 30 മുതൽ 40 ശതമാനം വർധിച്ചതായി ഇന്തി-അഫ്ഗാൻ ചാംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കൻവർജിത് ബജാജ് പറഞ്ഞു. അണ്ടിപരിപ്പിന്റെ ഉപഭോഗത്തിൽ ലോകത്തെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. അഭ്യന്തര ഉത്പാദനം കൊണ്ട് ഇവിടത്തെ ആവശ്യം നിറവേറ്റാനാവില്ല.
അഫ്ഗാനിസ്ഥാനിലുണ്ടായ ഭരണമാറ്റം വിപണിയിൽ 15 ശതമാനത്തോളം വിലവർധനവിന് കാരണമായി. കറുത്ത ഉണക്ക മുന്തിരി, ആപ്രിക്കോട്ട്, അത്തിപഴം എന്നിവയാണ് പ്രധാനമായും അഫ്ഗാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നത്.















