നിങ്ങളൊരു പിസ ആരാധകനാണെങ്കില്‍ അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ റെസ്റ്റോറന്റ് ശൃംഖലയായ പിസാ ഹട്ട് നിങ്ങള്‍ക്കായി ഒരു സുവര്‍ണാവസരമൊരുക്കുന്നു. പിസാ ഹട്ടില്‍ നിന്നും അവരുടെ പുതിയ സ്റ്റഫ്ഡ് ക്രസ്റ്റ് പിസാ കഴിക്കുന്നവര്‍ക്ക് വലിയൊരു തുകയാണ് പിസാഹട്ട് സമ്മാനമായി വാഗ്ദാനം ചെയ്യുന്നത്. യുകെയിലെ പിസാഹട്ടില്‍ നിന്നും പിസാ കഴിച്ചാലാണ് ഈ തുക സമ്മാനമായി ലഭിക്കുക. കൂടാതെ മറ്റൊരു പ്രധാന കാര്യമുണ്ട്. വെറുതെ ഈ പിസാ കഴിച്ചിറങ്ങിയാല്‍ മാത്രം സമ്മാനം ലഭിക്കുകയില്ല. അവരുടെ പുതിയ പിസാ എങ്ങനെയുണ്ടെന്നും അതിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്നും നിങ്ങള്‍ക്കതില്‍ എന്താണ് ഇഷ്ടമായതെന്നും എന്താണ് ഇഷ്ടമാകാത്തതെന്നും വ്യക്തമാക്കുകയും വേണം.
കൂടാതെ പിസാ ഹട്ടിനെ യുകെയിലെ ഏറ്റവും മികച്ച പിസാ നിര്മ്മാതാക്കളാക്കുന്നതിന്റെ കാരണവും വ്യക്തമാക്കണം. പിസാ ഹട്ടിന്റെ വെബ്സൈറ്റിലൂടെ ചീഫ് ക്രസ്റ്റ് ടെസ്റ്ററിനുള്ള അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിച്ചാല്‍ പിസാ ഹട്ടിന്റെ ഏറ്റവും പുതിയ സ്റ്റഫ്ഡ് ക്രസ്റ്റ് പിസാ കഴിക്കുകയും അഭിപ്രായം പറയുകയും വേണം. അടുത്തിടെ, കമ്പനി അവരുടെ സ്റ്റഫ്ഡ് ക്രസ്റ്റ് പിസകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. അത് രുചിച്ച് അഭിപ്രായം രേഖപ്പെടുത്താനാണ് പിസാ ഹട്ട് ആരാധകരെ ക്ഷണിക്കുന്നത്.
പുതിയ ഓപ്ഷനുകളാണ് പിസാ ഹട്ട് വാഗ്ദാനം ചെയ്യുന്നത്. ചീസ് സ്റ്റഫ് ചെയ്ത ചീസി ഗാര്‍ലിക് പിസയും പെപ്പെറോണി പിസയുമാണ് പുതിയ പിസകള്‍. ചീഫ് ക്രസ്റ്റ് ടെസ്റ്ററിനായി അപേക്ഷിക്കുന്നവര്‍ ഈ രണ്ട് പിസയും കഴിക്കേണ്ടതുണ്ട്. രണ്ട് പിസയും കഴിച്ചതിനുശേഷം അവയുടെ ടോപ്പിങ്ങുകളും സ്വാദും ടെക്സ്ചറുകളും വിശകലനം ചെയ്യുകയും റേറ്റ് ചെയ്യുകയും വേണം. കൂടാതെ ഇനി ഈ പിസകളില്‍ എന്തെല്ലാം മെച്ചപ്പെടുത്താന്‍ കഴിയും എന്ന് നിര്‍ദേശിക്കുകയും വേണം. ഇതില്‍ നിങ്ങള്‍ വിജയിക്കുകയാണെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പിസാ ഹട്ട് 5000 പൗണ്ട് (5 ലക്ഷം രൂപ) സമ്മാനം നല്‍കും.
Comments