ന്യൂഡൽഹി : കൊറോണ പ്രതിരോധത്തിൽ അയൽ രാജ്യങ്ങളെ സഹായിക്കുന്നത് തുടർന്ന് ഇന്ത്യ. നാല് രാജ്യങ്ങൾക്ക് പ്രതിരോധ വാക്സിൻ ഡോസുകൾ സമ്മാനമായി നൽകി. മ്യാൻമർ, ഇറാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളൾക്കാണ് വാക്സിൻ സമ്മാനിച്ചത്.
ഇന്ത്യയുടെ വാക്സിൻ മൈത്രിയുടെ ഭാഗമായാണ് വാക്സിനുകൾ നൽകിയത്. കൊവാക്സിൻ, കൊവിഷീൽഡ് വാക്സിൻ ഡോസുകളാണ് കയറ്റി അയച്ചത്. ഇറാന് കൊവാക്സിനും, മറ്റ് മൂന്ന് രാജ്യങ്ങൾക്ക് കൊവിഷീൽഡുമാണ് നൽകിയതെന്ന് അധികൃതർ പറഞ്ഞു. മൂന്ന് ലക്ഷം കൊവാക്സിൻ ഡോസുകളാണ് ഇറാന് നൽകിയത്.
കൊറോണ വാക്സിനേഷൻ കാര്യക്ഷമമാക്കിയതിനെ തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി വിദേശരാജ്യങ്ങൾക്ക് വാക്സിൻ നൽകുന്നത് ഇന്ത്യ നിർത്തിവച്ചിരിക്കുകയാരുന്നു. എന്നാൽ ഭൂരിഭാഗം പേർ ഒന്നാം ഡോസ് വാക്സിനുമെടുത്ത് സുരക്ഷിതരായതോടെ ഇത് വീണ്ടും പുന:രാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 20 ന് കേന്ദ്രസർക്കാർ വാക്സിൻ കയറ്റുമതി പുന:രാരംഭിച്ചുകൊണ്ട് ഉത്തരവും പുറത്തിറക്കി.
ലോക രാജ്യങ്ങളുമായുള്ള സഹകരണം കൂടുതൽ മികച്ചതാക്കുക കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ വീണ്ടും വാക്സിൻ കയറ്റുമതി പുന:രാരംഭിച്ചത്.നേരത്തെ കൊറോണയെ നേരിടാൻ പ്രതിരോധ സാമഗ്രികളുൾപ്പെടെ നൽകി ലോകരാജ്യങ്ങൾക്ക് ഇന്ത്യ കൈത്താങ്ങായിരുന്നു.
Comments