തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നി ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് ഇടിയോടുകൂടിയ മഴ ശക്തമാണ്. ഇന്ന് പുലർച്ചെ മുതൽ ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കൊല്ലത്തും മഴ തുടരുകയാണ്. രാത്രി മുഴുവൻ ശക്തമായി മഴ പെയ്തു. ജില്ലയുടെ കിഴക്കൻ മേഖലയിലും മഴയുണ്ട്.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ആറ് ജില്ലകളിൽ യെല്ലോ അർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മലപ്പുറത്തും കോഴിക്കോടും മഴ ഇതുവരെ പെയ്തില്ലെന്നാണ് വിവരം.
അറബിക്കടലിലെ ന്യൂനമർദ്ദം കേരള തീരത്തോട് അടുത്തതോടെയാണ് മഴശക്തമായത്. കേരള ലക്ഷദ്വീപ് തീരങ്ങിളിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
Comments