ഹിമാലയൻ മലനിരകളിലെ നര, നാരായണ പർവ്വതങ്ങൾക്കിടയിൽ തലയെടുപ്പോടെ നിൽക്കുന്ന ബദരിനാരായണൻ ക്ഷേത്രം. മനസിനെയും ശരീരത്തെയും വിവരണാതീതമായ അനുഭൂതിയിലെത്തിക്കുന്ന തപോഭൂമി. ജീവിതത്തിൽ ഒരിക്കൽ ബദ്രിനാഥ് സന്ദർശിക്കുന്ന വ്യക്തി ആത്മീയതയുടെ പരമോന്നതിയിലെത്തിയെന്നാണ് വിശ്വാസം. നയനസുന്ദരമായ കാഴ്ചകളാൽ ഹൃദയം നിറയുന്ന ബദ്രിനാഥിലേയ്‌ക്കുള്ള യാത്ര സാഹസികതയും നിറഞ്ഞതുതന്നെ.
ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ബദ്രിനാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 10,000ത്തിലധികം അടി ഉയരത്തിലായി മഞ്ഞിൽ പുതഞ്ഞ നീലകണ്ഠ പർവ്വതത്തിനു ചുവട്ടിൽ ഉജ്ജ്വല ശോഭയോടെ അളകനന്ദയുടെ തീരത്താണ് ബദ്രിനാഥൻ കുടികൊള്ളുന്നത്. ബദ്രിനാഥിലെ ഏറ്റവും വലിയ ദൃശ്യഭംഗിയും മഹാവിഷ്ണു പ്രതിഷ്ഠയായ ക്ഷേത്രം തന്നെയാണ്.
ശ്രീ ശങ്കരാചാര്യരാണ് മഹാവിഷ്ണുവിനെ ബദരീനാഥൻ എന്ന പേരിൽ ഇവിടെ പ്രതിഷ്ഠ നടത്തിയത്. അളകനന്ദ നദിയിൽ മുങ്ങി കുളിക്കുന്നതിനിടയിൽ ലഭിച്ച വിഗ്രഹം ആദി ശങ്കരൻ ഇവിടെ സ്ഥാപിക്കുകയായിരുന്നു. അദ്ദേഹം അന്ന് നിയമിച്ച നമ്പൂതിരി കുടുംബങ്ങളിലെ പിൻ തലമുറക്കാർക്ക് തന്നെയാണ് ഇപ്പോഴും ബദ്രിനാഥിൽ പൂജ നടത്താനുള്ള അവകാശം. മലയാളികളാണ് ഈ നമ്പൂതിരിമാർ. റാവൽ എന്നാണ് അവരുടെ സ്ഥാനപ്പേര്. വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളിൽ ഒന്നായ ബദ്രിനാഥിൽ മഹാവിഷ്ണുവിനോടൊപ്പം ഗരുഡന്റെ പ്രതിഷ്ഠ കൂടിയുണ്ട്.
ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടനമായ ചാർധാം യാത്രകളിൽ ഒന്നാണ് ബദ്രിനാഥ്. യമുനോത്രി, ഗംഗോത്രി, കേദാർനാഥ് എന്നിവയാണ് മറ്റ് ചാർധാം ക്ഷേത്രങ്ങൾ.. കൂടാതെ ഭാരതത്തിലെ നാല് ഹിന്ദുമഹാ ക്ഷേത്രങ്ങളിൽ ഒന്ന് കൂടിയാണ് ബദ്രിനാഥ്. ഉത്തർപ്രദേശിലെ ദ്വാരക, തമിഴ്‌നാട്ടിലെ രാമേശ്വരം, ഒറീസയിലെ പുരി എന്നിവയാണ് മറ്റുള്ളവ. ഇതിൽ ഏറ്റവും സാഹസികത നിറഞ്ഞ യാത്രയും ബദ്രിനാഥിലേക്ക് തന്നെ..
രണ്ടു പുഴകളുടെ സംഗമസ്ഥാനങ്ങളെയാണ് പ്രയാഗ് എന്ന് വിളിക്കുന്നത്. ഇത്തരത്തിൽ അഞ്ച് പ്രയാഗുകൾ കടന്നുവേണം ബദ്രിനാഥിലെത്താൻ. ക്ഷേത്ര സന്നിദ്ധിയിലെത്തുന്നതിനായി ചെറിയ പാലത്തിലൂടെ അളകനന്ദ മുറിച്ചു കടന്നു വരണം. അവിടെ പ്രകൃതി ഒരുക്കിയ മറ്റൊരു വിസ്മയമുള്ളത്. ഭൂമിയുടെ ഉള്ളറകളിൽ നിന്ന് തിളച്ചു മറിഞ്ഞു ജലം മുകളിലേക്ക് പ്രവഹിക്കുന്ന തപ്ത കുണ്ട്. ഈ വെള്ളം പ്രത്യേക പൈപ്പുകൾ വഴി അളകനന്ദയിലെ തണുത്ത വെള്ളവുമായി കലർത്തി ചൂട് ക്രമീകരിച്ച് ടാപ്പുകളിലായി സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്നും ദേഹശുദ്ധി വരുത്തിയാണ് ഭക്തർ ദർശനത്തിനായി പോവുക.
ഉത്തരേന്ത്യൻ വാസ്തുവിദ്യ അടിസ്ഥാനപ്പെടുത്തി പണികഴിപ്പിച്ചിരിക്കുന്ന ക്ഷേത്രം വർണാഭമായ നിറങ്ങളാൽ അലംകൃതമാണ്. സ്വർണം പാകിയ കോൺ ആകൃതിയിലുള്ള മേൽക്കൂരയാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. മുൻഭാഗത്തും വാതിലുകളിലും നിരവധി കൊത്തുപണികളും ദർശിക്കാനാവും. ഹിമാലയൻ പ്രദേശങ്ങളിലെ അതി കഠിനമായ ശൈത്യത്തെ തുടർന്ന് പ്രതിവർഷം ആറുമാസം മാത്രമേ ക്ഷേത്രം തുറക്കുകയുള്ളൂ. ഏപ്രിലിൽ തുറക്കുകയും നവംബറിൽ അടയ്‌ക്കുകയും ചെയ്യും. ഏപ്രിലിൽ പോലും കഠിനമായ തണുപ്പാണിവിടെ അനുഭപ്പെടാറുള്ളത്.
ബദ്രിനാഥിൽ വരുന്ന എല്ലാവരും തന്നെ മൂന്നു കിലോമീറ്റർ മാറിയുള്ള മാനാ ഗ്രാമവും കാണാനെത്താറുണ്ട്. ഇന്ത്യയുടെ മനുഷ്യവാസമുള്ള അവസാനത്തെ ഗ്രാമമാണ് മാനാ. ഇതിനപ്പുറം ചൈനീസ് അധിനിവേശ ടിബറ്റ് ആണ്. മാനാ ഗ്രാമത്തിന് തൊട്ടടുത്തായി വ്യാസ ഗുഹയുണ്ട്. അവിടെ ഇരുന്നാണ് വേദ വ്യാസൻ മഹാഭാരതം രചിച്ചതെന്നും വിശ്വിസിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ സ്വർഗ്ഗാരോഹണ സമയത്ത്, തന്നെ ഇനി കാണാൻ ആഗ്രഹിക്കുന്നെങ്കിൽ ഇവിടെ വന്നാൽ മതിയെന്ന് ഉദ്ധവരോട് അരുളി ചെയ്ത പുണ്യഭൂമി കൂടിയാണ് ബദ്രിനാഥെന്നും വിശ്വാസമുണ്ട്.
Comments