ന്യൂഡൽഹി: അതിർത്തി രക്ഷാ സേനയുടെ അധികാരപരിധി ഉയർത്തുന്നതിനെതിരെ പഞ്ചാബിന് പിന്നാലെ പശ്ചിമ ബംഗാളും രംഗത്ത്. അതിർത്തി രക്ഷാ സേനയുടെ സുരക്ഷാ അതിർത്തി ദീർഘിപ്പിക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. എന്നാൽ നിലവിലെ സ്ഥിതി തുടരണമെന്നും മറ്റു സ്ഥലങ്ങളിലെ സുരക്ഷ സംസ്ഥാന സർക്കാർ നേരിട്ട് ഏറ്റെടുത്തോളാമെന്നും ഇരു മുഖ്യമന്ത്രിമാരും അറിയിച്ചു. കേന്ദ്ര സേനയുടെ നിലവിലുള്ള 15 കിലോമീറ്റർ അധികാര പരിധി 50 കിലോമീറ്ററായി ഉയർത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം.
സുരക്ഷാ സേനയെ ഞാൻ ബഹുമാനിക്കുന്നു, സുരക്ഷയുടെ പേരിൽ ആളുകളെ ഉപദ്രവിക്കാൻ കൂട്ടുനിൽക്കില്ലെന്നാണ് മമതാ ബാനർജിയുടെ പ്രസ്താവന. ബിഎസ്എഫിന്റെ അധികാരപരിധി വർധിപ്പിക്കുന്നതിനെ എതിർക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും മമത പറഞ്ഞു.
ബംഗാളിലെ അതിർത്തി പ്രദേശങ്ങൾ തികച്ചും സമാധാനപരമാണ്. അതിനാൽ ബിഎസ്എഫിന്റെ ഇടപെടൽ ആവശ്യമില്ലെന്നാണ് മമതയുടെ വാദം. മലയോര മേഖലയിലെ സാഹചര്യങ്ങളെ കുറിച്ച് പഠിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് പുറത്തുനിന്നുള്ളവരാണെന്നും അവിടെയുള്ള നാട്ടുകാരല്ലെന്നും മമത ബാനർജി പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഈ വിഷയത്തിൽ നിയമസഭയുടെ സമ്മേളനം വിളിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്താനുള്ള തീരുമാനം അംഗീകരിക്കില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചാനി പറഞ്ഞത്. തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർത്തുമെന്നും ചാനി അറിയിച്ചിരുന്നു.
ക്രമസമാധാന നില സംസ്ഥാനത്തിന്റെ വിഷയമാണെന്നും അവരെ വിശ്വാസത്തിലെടുക്കാതെ പഞ്ചാബിൽ ഈ തീരുമാനം കൈക്കൊള്ളേണ്ട കാര്യം കേന്ദ്രത്തിനില്ലെന്നും ചാനി അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള ക്രമസമാധാന നില നിയന്ത്രിക്കാൻ തന്റെ സർക്കാർ പൂർണമായും പ്രാപ്തരാണെന്നാണ് ചാനി വ്യക്തമാക്കിയത്.
Comments