ടോക്കിയോ: ബൈക്കുമായി നിരത്തുകളിൽ ചീറിപ്പായുന്ന യുവത്വങ്ങളെ നാം കണ്ടിട്ടുണ്ട്. ഇനിമുതൽ ഇവർ നിരത്തുകളിൽ അല്ല ആകാശത്തിലൂടെയാണ് പായാൻ പോകുന്നത്. വാഹനലോകം കുറച്ച് കാലമായി കാത്തിരുന്ന പറക്കും ബൈക്ക് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ജാപ്പനീസ് നിർമ്മാതാക്കൾ. ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഎൽഐ ടെക്‌നോളജീസാണ് ഈ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ഏകദേശം 5.1 കോടി രൂപയാണ് ഈ പറക്കും വീരന്റെ വില. XTURISMO എന്നാണ് ബൈക്കിന് പേര് നൽകിയിരിക്കുന്നത്.
രണ്ട് വർഷങ്ങൾക്ക് മുൻപാണ് പറക്കുംബൈക്ക് എന്ന ആശയവുമായി നിർമ്മാതാക്കൾ രംഗത്തെത്തുന്നത്. 2017 മുതൽ ബൈക്ക് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനത്തിലായിരുന്നു ഇവർ. ആകാശമാർഗം വാഹനം ഓടിക്കുന്നതിന്റെ സാധ്യതകൾക്ക് കരുത്ത് പകരുന്നതാണ് പുതിയ ബൈക്കിന്റെ നിർമ്മാണം. 2022ഓടെ ഇതിന്റെ വിതരണം ആരംഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
100 കിലോമീറ്റർ വരെ വേഗതയിൽ 40 മിനിറ്റ് സഞ്ചരിക്കാൻ പറക്കും ബൈക്കിന് സാധിക്കും. പ്രെപ്പല്ലറിന്റെ മുകളിൽ ബൈക്കിന്റെ മാതൃക നിർമ്മിച്ചാണ് ബൈക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. സാധാരണ നിലയിൽ ഉപയോഗിക്കുന്ന എഞ്ചിനാണ് പറക്കും ബൈക്കിലും ഉൾപ്പെടുത്തിയിട്ടുള്ളത്. നാല് ബാറ്ററികളാണ് ബൈക്കിന് കരുത്ത് നൽകുന്നത്.
ഏകദേശം 300 കിലോഗ്രാം ഭാരം വരുന്ന ബൈക്കിന് 3.7 മീറ്റർ ഉയരവും 2.4 മീറ്റർ വീതിയുമാണ് ഉള്ളത്. നിലവിൽ വണ്ടി ഓടിക്കുന്ന ആളിന് മാത്രമേ ബൈക്കിൽ ഇരിക്കാൻ സാധിക്കൂ.














