തിരുവനന്തപുരം : ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപി ചിത്രം കാവൽ ഈ മാസം തിയറ്ററുകളിൽ. നടൻ സുരേഷ് ഗോപി ഫേസ്ബുക്കിലൂടെയാണ് നവംബർ 25 ന് ചിത്രം റിലീസ് ചെയ്യുന്ന വിവരം പങ്കുവെച്ചത്. ഗുഡ് വിൽ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഥിൻ രഞ്ജി പണിക്കരാണ്.
സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഈ മാസം സിനിമ തിയറ്ററുകളിൽ എത്തുന്ന വിവരം അദ്ദേഹം അറിയിച്ചത്. എല്ലാവരും തിയറ്ററുകളിൽ എത്തി ചിത്രം ആസ്വദിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാവരുടെയും പ്രാർത്ഥനകൾ കൂടെയുണ്ടാകണമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. #Kaaval എന്ന ഹാഷ്ടാഗോടെയാണ് സുരേഷ് ഗോപി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
സംവിധായകനായ നിഥിൻ രഞ്ജി പണിക്കരാണ് കാവലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പത്മരാജ് രതീഷ്, മുത്തുമണി, റേച്ചൽ ഡേവിഡ്, ഇവാൻ, അനിൽ, സാദീഖ്, കിച്ചു ടെല്ലസ്, ബേബി പാർവ്വതി, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ. അംബിക മോഹൻ, അനിതാ നായർ, അജ്ഞലി നായർ, രഞ്ജി പണിക്കർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിന്റെ ടെയിൽ എൻഡ് എഴുതിയത് രഞ്ജി പണിക്കരാണ്.
Comments