ന്യൂയോർക്: അന്താരാഷ്‌ട്രവേദികളെ ദുരുപയോഗം ചെയ്യുന്ന പാകിസ്താന് ഉരുളയ്‌ക്കുപ്പേരിപോലെ മറുപടി നൽകി ഇന്ത്യൻ പ്രതിനിധി. ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ സ്ഥിരം യോഗത്തിലാണ് ജമ്മുകശ്മീരിൽ പാകിസ്താൻ നടത്തുന്ന അതിക്രമങ്ങളേയും കടന്നുകയറ്റത്തേയും അക്കമിട്ടുനിരത്തി ഇന്ത്യ വിമർശിച്ചത്. ഇന്ത്യൻ പ്രതിനിധി ഡോ. കാജൽ ഭട്ടാണ് വിഷയം അവതരിപ്പിച്ചത്.
ഇസ്ലാമാബാദ് അറിഞ്ഞുകൊണ്ടുതന്നെയാണ് പാക്‌സൈനിക പിന്തുണയോടെ ഭീകരർ ജമ്മുകശ്മീരിലെത്തുന്നതെന്ന് ഇന്ത്യ തെളിവ് നിരത്തി സമർത്ഥിച്ചു. ഞങ്ങൾ വീണ്ടും ഈ മഹത്തായ വേദിയിൽ ചിലത് തുറന്നുപറയാൻ നിർബന്ധിതരായിരിക്കുന്നു. പാകിസ്താൻ പ്രതിനിധി ഈ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് ഇത് ആദ്യമായല്ല. ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഇവിടത്തെ ഓരോ ഭൂവിഭാഗവും ഇന്ത്യയുടെ ഭരണഘടനയാൽ സംരക്ഷിക്കപ്പെടുന്ന പ്രദേശമാണെന്നും ഭട്ട് പറഞ്ഞു. ജമ്മുകശ്മീരിൽ പാകിസ്താൻ കടന്നുകയറാൻ നടത്തുന്ന ശ്രമങ്ങൾ ആവർത്തിക്കുന്നതിന്റെ തെളിവുകൾ ഇന്ത്യ നിരത്തി.
സിംല-ലാഹോർ കാരാറുകളുടെ ലംഘനമാണ് പാകിസ്താൻ നടത്തുന്നതെന്നും അന്താരാഷ്‌ട്ര നിയമലംഘനം ആവർത്തിക്കുകയാണെന്നും ഭട്ട് വ്യക്തമാക്കി. ഗ്രാമീണമേഖലയിലെ സാധാരണക്കാരന്റെ ജീവിതത്തെ ദു:സ്സഹമാക്കിയാണ് ഈ കടന്നുകയറ്റം നടക്കുന്നതെന്നും ഭട്ട് ചൂണ്ടിക്കാട്ടി.
പാകിസ്താൻ ഭീകരരെ എങ്ങനെയാണ് സൃഷ്ടിക്കുന്നതെന്നും വളർത്തുന്നതെന്നും നിലവിൽ സംരക്ഷിക്കുന്നതെന്നതിനും ചരിത്രം സാക്ഷിയാണ്. ലോകരാജ്യങ്ങളെല്ലാം അതിന്റെ ദുരന്തഫലം അനുഭവിക്കുകയാണ്.
രക്ഷാ സമിതി കൊടുംഭീകരരെന്ന് മുദ്രകുത്തിയിരിക്കുന്ന ഭീകരരിൽ ഭൂരി ഭാഗവും പാകിസ്താന്റെ സൃഷ്ടിയാണെന്നും രേഖകൾ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ സമർത്ഥിച്ചു. ഭീകരതയ്‌ക്ക് അറുതിവരുത്താതെ പാകിസ്താനുമായി യാതൊരുവിധ ചർച്ചയ്‌ക്കും ഭാരതം തയ്യാറല്ലെന്നും ഭട്ട് പറഞ്ഞു.
Comments