ന്യൂഡൽഹി: ഝാർഖണ്ഡിൽ റെയിൽവേ ട്രാക്കിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഡീസൽ എഞ്ചിൻ പാളം തെറ്റി. ശനിയാഴ്ച പുലർച്ചെ ധൻബാദ് ഡിവിഷനിലെ ഗർവാ റോഡിനും ബർക്കാനാ സെക്ഷനും ഇടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
അപകടത്തെ തുടർന്ന് പ്രദേശത്തെ റെയിൽ ഗതാഗതം തടസപ്പെട്ടു. റെയിൽവേ അധികൃതർ സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ബോംബാക്രമണത്തിനു പിന്നിൽ കമ്മ്യൂണിസ്റ്റ് ഭീകരർ ആണെന്നാണ് അധികൃതർ ആരോപിക്കുന്നത്.
ബോംബ് സ്ഫോടനത്തെ തുടർന്ന് ഗർവാ റോഡിനും ബർക്കാനാ സെക്ഷനും ഇടയിലൂടെ കടന്നു പോകുന്ന ഡെഹ്രി ഓൺ സോൺ – ബർവാദിഹ് പാസഞ്ചർ സ്പെഷ്യൽ (03364), ബർവാദിഹ്- നേതാജി സുഭാഷ് ചന്ദ്ര ബോസ് ഗോമോ സ്പെഷ്യൽ ട്രെയിൻ (03362) എന്നിവ യാത്ര അവസാനിപ്പിച്ചു. കൂടാതെ, മറ്റ് ട്രെയിനുകൾ വഴി തിരിച്ചു വിട്ടതായി റെയിൽവേ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കി. ഇവിടെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ താവളമുണ്ടെന്ന് പോലീസിന് അറിയിപ്പ് ലഭിച്ചിരുന്നു. ബോംബാക്രമണത്തിനു പിന്നിലുള്ള ഭീകരരെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Comments