ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു ക്ഷേത്രം അടിച്ചു തകർത്ത മതമൗലിക വാദികൾക്ക് പിഴ തുക നൽകാൻ ഹിന്ദുക്കൾക്ക് മേൽ സമ്മർദ്ദം. ഇസ്ലാമിക പുരോഹിതരും, ഇസ്ലാമിക സംഘടനകളുമാണ് ഹിന്ദുക്കളോട് പണം ആവശ്യപ്പെടുന്നത്. ഹിന്ദുക്ഷേത്രം അടിച്ചു തകർത്ത പ്രതികളോട് പിഴയൊടുക്കാൻ പാകിസ്താൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ തുക പ്രതികൾക്ക് നൽകണമെന്നാവശ്യപ്പെട്ടാണ് ഹിന്ദുക്കൾക്ക്‌മേൽ പുരോഹിതരുൾപ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തുന്നത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു മതമൗലികവാദികൾ ഖൈബർ പക്തുൻഖ്വയിലെ ഹിന്ദു ക്ഷേത്രം അടിച്ച് തകർത്ത് തീയിട്ടത്. സംഭവത്തിൽ 100 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും പിഴ ഈടാക്കാനായിരുന്നു കോടതി നിർദ്ദേശം. ഇത് പ്രകാരം 11 പ്രതികൾ 30 ലക്ഷം രൂപ കോടതിയിൽ കെട്ടിവെച്ചിരുന്നു. ഈ തുക ഹിന്ദുക്കൾ പിഴ നൽകിയവർക്ക് തിരിച്ചു നൽകണമെന്നാണ് മതമൗലികവാദികൾ പറയുന്നത്.
ഒരാൾ 2,68,0000 രൂപ വീതം നൽകണമെന്നാണ് ആവശ്യം. തുക ആവശ്യപ്പെട്ട് മതമൗലിക വാദികൾ ക്ഷേത്ര പരിസരത്തെ ഹിന്ദുക്കളുടെ വീടുകളിൽ എത്തി ഭീഷണി മുഴക്കുന്നുണ്ട്. സംഭവത്തിൽ പ്രാദേശിക ഭരണകൂടത്തോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്ന് ഹിന്ദുക്കൾ പറയുന്നു. തങ്ങളുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിനു പകരം മതമൗലികവാദികളുടെ നിർദ്ദേശപ്രകാരം പണം നൽകാനാണ് അധികൃതർ പറയുന്നത്. തകർന്ന ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനായി ഭരണകൂടം സഹകരിക്കുന്നില്ലെന്നും ഹിന്ദുക്കൾ വ്യക്തമാക്കി. ക്ഷേത്ര നിർമ്മാണം തടസ്സപ്പെടുത്താൻ മതപുരോഹിതർ ശ്രമിക്കുന്നതായും ഹിന്ദുക്കൾ പറഞ്ഞു.
Comments