കാൻബറ: പസഫിക്കിലെ രാജ്യങ്ങൾക്കുചുറ്റും അധിനിവേശ ഹുങ്കുമായി നീങ്ങുന്ന ചൈനയ്ക്ക് തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി ഓസ്ട്രേലിയ. പലതവണ ചൈനീസ് ചാരകപ്പലുകളും അന്തർവാഹിനികളും ഓസീസ് തീരങ്ങളിലൂടെ കടന്നുപോയെന്ന വെളിപ്പെടുത്തലാണ് പ്രധാനമന്ത്രി സ്കോട് മോറിസൺ നടത്തിയിരിക്കുന്നത്.
അവരെന്നും തങ്ങളുടെ അധികാര മേഖലയിൽ കടന്നുകയറാൻ ശ്രമിക്കുകയാണ്. ഓസ്ട്രേലിയയുടെ അധീനതയിലുള്ള സമുദ്രമേഖലയിൽ 200 കിലോമീറ്റർ ദൂരം വരെ അത്യാധുനിക നിരീക്ഷണ കപ്പലുകളെയാണ് ചൈന അയച്ചത്. ഡാർവിൻ തീരത്തിനടുത്തുകൂടെ പോയ കപ്പലിന് എല്ലാ സിഗ്നലുകളും പിടിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നും ഓസ്ട്രേലിയൻ പ്രതിരോധ വകുപ്പ് അറിയിച്ചു.
ചൈനയുടെ ചാരകപ്പലുകളെ തടയാൻ കൂടുതൽ സംവിധാനങ്ങളൊരുക്കേണ്ട അവസ്ഥയാണ്. വളരെ ഗുരതരമായ അന്താരാഷ്ട്ര സുരക്ഷാ ലംഘനമാണ് ചൈനയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. അന്തർവാഹിനികളടക്കം വിന്യസിക്കുകയാണ് ഇനിയുള്ള പോംവഴിയെന്നും സ്കോട് മോറിസൺ പറഞ്ഞു.
അമേരിക്കയുടെ സൈനിക വ്യൂഹം പസഫിക്കിൽ തമ്പടിച്ചതോടെ വിവിധ രാജ്യങ്ങളെ പ്രകോപിപ്പിക്കുന്ന നയം ചൈന തുടരുകയാണ്. ക്വാഡ് സഖ്യത്തിന്റെ ഭാഗമായി ഓസ്ട്രേലിയ മാറിയതാണ് ചൈനയെ ചൊടിപ്പിച്ചത്.
2017ലും 2019ലും ചാരകപ്പലുകളെ ചൈന ഓസ്ട്രേലിയൻ തീരമേഖലയിലേക്ക് അയച്ചിരുന്നു. മുന്നേ വ്യാപാര രംഗത്ത് ഭീഷണി മുഴക്കിയ ചൈന സൈനിക പ്രതിരോധ രംഗത്തും ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നാണ് ഓസ്ട്രേലിയൻ നാവിക സേന അറിയിക്കുന്നത്.















