ന്യൂഡല്‍ഹി: അന്താരാഷ്ട്ര സര്‍വീസിലെ ഇളവുകള്‍ പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി. ഒമിക്രോണ്‍ വകഭേദം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനാണ് തീരുമാനിച്ചിരുന്നത്. കൊറോണയുടെ മാരക വകഭേദമായ ഒമിക്രോണിനെ ജാഗ്രതയോടെ നേരിടണം. രണ്ടാം ഡോസ് വാക്സിനേഷന് ഊര്‍ജ്ജിതമാക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദ്യ ഡോസ് എടുത്തവര്‍ രണ്ടാം ഡോസ് എടുക്കുന്നുവെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പ് വരുത്തണം. വിഷയത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
മാസ്ക്, സാനിറ്റെസേഷന്, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ക്വാറന്റൈന് നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി പാലിക്കണം. വിദേശ യാത്രക്കാരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ആലോചനയിലുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ പുറത്ത് വന്നിട്ടില്ല. പുതിയ വകഭേദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചെറുക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളാന്‍ നിര്‍ദ്ദേശമുണ്ട്.
Comments