തിരുവനന്തപുരം: തീയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ കയറ്റില്ലെന്ന് സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തീയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ കയറ്റുന്നത് പരിഗണനയിലില്ലെന്ന് മന്ത്രി അറിയിച്ചു. പ്രൊട്ടോക്കോൾ പാലിച്ച് നാടകങ്ങൾ നടത്താമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ഒമിക്രോൺ ഭീഷണി അതീവ ജാഗ്രതയോടെ കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തീയേറ്ററുകളിൽ എല്ലാ സീറ്റുകളിലും കാണികളെ അനുവദിക്കണമെന്നായിരുന്നു തീയേറ്റർ ഉടമകളുടേയും സിനിമാ മേഖലയിലുള്ളവരുടേയും ആവശ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിൽ കുറച്ച് നിയന്ത്രണങ്ങളെയുള്ളൂ. അതിൽ പ്രധാനപ്പെട്ടത് തീയേറ്ററുകളിലെ 50 ശതമാനം സിറ്റിംഗ് കപ്പാസിറ്റിയാണ്. എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാൽ കൂടുതൽ ആളുകളെ അനുവദിക്കാൻ കഴിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തീയേറ്ററുകൾക്ക് കൂടുതൽ ഇളവുകൾ വേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.
Comments