തിരുവനന്തപുരം ; പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുക്കിയ മരക്കാർ; അറബിക്കടലിന്റെ സിംഹം. ഒടിടി റിലീസും അനിശ്ചിതത്വങ്ങളും വിവാദങ്ങളും മറികടന്ന് ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്താനൊരുങ്ങുന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. മരക്കാറിന്റെ വിശേഷങ്ങളും മറ്റും സമൂഹമാദ്ധ്യമങ്ങളിലും തരംഗമായിരിക്കുന്നു. ചിത്രം പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആവേശം ഇരട്ടിയാക്കി മറ്റൊരു ട്രെയിലർ കൂടി അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
കണ്ണുചിമ്മാതെ നോക്കി നിന്നുപോകുന്ന യുദ്ധരംഗങ്ങളും സംഘട്ടനങ്ങളും കൊണ്ട് ആരാധക ലോകത്തെ ത്രസിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്ലർ. ഇന്ത്യൻ സിനിമാ ലോകത്തെ മാറ്റിമറിച്ച നടനവിസ്മയങ്ങൾ ഒരുമിച്ചെത്തുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിൽ മാറ്റം കുറിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് മലയാളക്കരയുടെ വിലയിരുത്തൽ. മലയാളത്തിലെ ഏറ്റവും ചിലവേറിയ ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ.
ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്. മരക്കാറിൽ മഞ്ജു വാര്യർ, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ഫാസിൽ, അർജുൻ സർജ, കീർത്തി സുരേഷ്, തുടങ്ങി വമ്പൻ താരനിരയാണ് അണി നിരക്കുന്നത്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് സാബു സിറിലാണ്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടത്തിയത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സിനിമയാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം. ഡിസംബർ 2 നാണ് ചിത്രം തിയേറ്ററുകൾ കീഴടക്കാനെത്തുന്നത്.
Comments