തിരുവല്ല: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ ആർഎസ്എസിനെ ലക്ഷ്യമിട്ടുളള വ്യാജ പ്രചാരണത്തിൽ മുൻപിൽ സിപിഎം മുഖപത്രമായ ദേശാഭിമാനിയും. സിപിഎം ലോക്കൽ സെക്രട്ടറിയെ ആർഎസ്എസുകാർ വെട്ടിക്കൊന്നുവെന്ന തലക്കെട്ടോടെയാണ് ദേശാഭിമാനിയുടെ വാർത്ത. എന്നാൽ കേസിൽ പിടിയിലായവരിൽ രണ്ട് പേർ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്.
പിടിയിലായതിൽ രണ്ട് പേർ സിപിഎമ്മും ഡിവൈഎഫ്‌ഐയുമായി നേരിട്ട് ബന്ധമുളളവരാണെന്ന് പോലീസ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. മാത്രമല്ല വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പിടിയിലായവർക്ക് ക്വട്ടേഷൻ സംഘങ്ങളുമായി ഉൾപ്പെടെ ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. ഇവരിൽ ചിലർ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഇനി പിടിയിലാകാനുളള പ്രതി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമായിരുന്ന പ്രവർത്തകനാണ്. വസ്തുതകൾ ഇതായിരിക്കെയാണ് ദേശാഭിമാനിയുടെ വ്യാജ പ്രചാരണം.
കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന്് ആയിരുന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉൾപ്പെടെയുള്ളവർ ഇന്നലെ ആരോപിച്ചിരുന്നത്. എന്നാൽ സന്ദീപിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപിയും ആർഎസ്എസും ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. പിടിയിലായവരുടെ സിപിഎം, ഡിവൈഎഫ്‌ഐ ബന്ധം പോലീസ് തന്നെ സ്ഥിരീകരിച്ചതോടെ സിപിഎമ്മിന്റെ ക്വട്ടേഷൻ മാഫിയ, കൊലപാതക ബന്ധങ്ങൾ പുറത്തുകൊണ്ടുവരുന്ന ഒടുവിലത്തെ സംഭവം കൂടിയായി ഇത് മാറുകയാണ്.
കൊല്ലപ്പെട്ട സന്ദീപ് സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരുന്നു. 27 വർഷത്തിന് ശേഷം പെരിങ്ങര പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചുവെന്നും ഇതിൽ സന്ദീപിന്റെ പങ്ക് നിർണായകമായിരുന്നുവെന്നും ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമുളള നുണകളാണ് ദേശാഭിമാനി എഴുതി ചേർത്തിരിക്കുന്നത്. പ്രദേശത്ത് നിരവധി ബിജെപി പ്രവർത്തകർ സിപിഎമ്മിലേക്ക് മാറിയതും കൊലപാതകത്തിന് കാരണമായെന്നും ദേശാഭിമാനി പറയുന്നു.
സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഉൾപ്പെടെ പ്രതിഷേധിച്ചിരുന്നു. ആർഎസ്എസ് ആണ് പിന്നിലെന്ന ജില്ലാ നേതൃത്വത്തിന്റെ പ്രസ്താവനയെ തുടർന്നായിരുന്നു പ്രതികരണം. പാർട്ടി സംസ്ഥാന നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതിൽ ഉൾപ്പെടെ ജില്ലാ ഘടകം വിശദീകരണം നൽകേണ്ടി വരും.
ഇന്നലെ തന്നെ സംഭവത്തിൽ പങ്കില്ലെന്ന് ബിജെപിയും ആർഎസ്എസും വ്യക്തമാക്കിയിട്ടും ഇത് സംബന്ധിച്ച് ഒന്നും ദേശാഭിമാനി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് രാത്രിയോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം തിരുവല്ല നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളും രാവിലെ മുതൽ ഹർത്താൽ ആചരിക്കുകയാണ്.
Comments