ലോസ് ആഞ്ചലസ്: മാന്ത്രിക ലോകത്തെ കൂട്ടുകാരെ വായനക്കാരിലേക്ക് എത്തിച്ച് ലോകപ്രശസ്തി നേടിയ പുസ്തകമാണ് ഹാരിപോട്ടർ പതിപ്പുകൾ. ഒറ്റപുസ്തകത്തിലൂടെ കോടീശ്വരിയായി മാറിയ എഴുത്തുകാരി ജെ.കെ റൗളിങ് തുടർന്നങ്ങോട്ട് ലോകത്തിന് സമ്മാനിച്ചത് പകരം വെക്കാനില്ലാത്ത വായനാനുഭവമായിരുന്നു. ഇപ്പോൾ ഹാരി പോട്ടറിന്റെ ആദ്യ പുസ്തകമായ ഫിലോസഫേഴ്‌സ് സ്റ്റോൺ ആണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. കാരണം ഇതിന്റെ ആദ്യ പതിപ്പ് 4,71,000 യുഎസ് ഡോളറിന് ഇപ്പോൾ വിറ്റുപോയിരിക്കുകയാണ്.
എന്നാൽ ആർക്കാണ് ഈ പുസ്തക പതിപ്പിന്റെ ലേലം ലഭിച്ചതെന്ന് വ്യക്തമല്ല. അമേരിക്കൻ സ്വദേശിയാണെന്ന് മാത്രമാണ് നിലവിൽ പുറത്തുവിട്ട വിവരം. 20-ാം നൂറ്റാണ്ടിലെ ഒരു കാൽപനിക സൃഷ്ടിയുടെ വിലയിൽ ലോക റെക്കോർഡാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടതെന്ന് ലേലത്തിന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 1197ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് എഡിഷനാണ് ഈ പതിപ്പ്. നിറങ്ങൾ ചാലിച്ച കവർ പേജാണ് പുസ്തകത്തിന്. ഹാരിപോട്ടർ ആൻഡ് ദി ഫിലോസഫേഴ്‌സ് സ്റ്റോൺ എന്നാണ് ആദ്യ പതിപ്പിന് പേരിട്ടിരുന്നത്. വളരെകാലം പഴക്കമുള്ളതിനാലും വളരെക്കുറച്ച് പേരുടെ കൈകളിൽ മാത്രമേ ഇന്നിത് നിലനിൽക്കുന്നുള്ളൂ എന്നതിനാലും തീർത്തും അമൂല്യമായി മാറിയ ആദ്യ എഡിഷൻ മാന്ത്രികവും അവിശ്വസനീയമാം വിധം ശോഭയുള്ളതുമാണെന്ന് ലേലക്കാർ പറഞ്ഞു.
സാങ്കൽപിക മാന്ത്രിക നോവൽ പരമ്പരയാണ് ഹാരി പോട്ടർ പുസ്തങ്ങൾ. എഴുത്തുകാരി ജെ.കെ റൗളിങ് ആകെ ഏഴ് പുസ്തകമാണ് ഈ പരമ്പരയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇവയുടെ 500 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്. എൺപതിലധികം ഭാഷകളിൽ പുസ്തകം വിവർത്തനം ചെയ്യപ്പെട്ടു. ഏഴ് പുസ്തകങ്ങൾ എട്ട് സിനിമകളായി ഹോളിവുഡിൽ അവതരിച്ചു. 7.8 ബില്യൺ ഡോളറിലധികം തുക ഗ്ലോബൽ ബോക്‌സോഫീസിൽ ചിത്രങ്ങൾ വാരിക്കൂട്ടി.















