ആലപ്പുഴ : ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഇന്ന് സർവ്വകക്ഷി യോഗം ചേരും. വൈകീട്ട് മൂന്ന് മണിയ്ക്കാണ് യോഗം. മന്ത്രിമാരായ സജി ചെറിയാൻ, സി പ്രസാദ് എന്നിവരുൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.
ജില്ലാ കളക്ടർ ആണ് ഇന്നലെ സർവ്വ കക്ഷി യോഗം വിളിച്ചത്. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ സമാധാന അന്തരീക്ഷം തകർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കളക്ടറുടെ അടിയന്തിര ഇടപെടൽ.
അതേസമയം ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. കൂടുതൽ അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
സംഘർഷ സാദ്ധ്യതയുള്ള മേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പട്രോളിംഗും പോലീസ് ശക്തമാക്കി. വാഹന പരിശോധന ഉൾപ്പെടെ കർശനമായി നടത്തുന്നുണ്ട്.
Comments