കൊച്ചി: നടനും സംവിധായകനുമായ പൃഥിരാജിന്റെയും നിർമ്മാതാവും മാദ്ധ്യമപ്രവർത്തകയുമായ സുപ്രിയ മേനോന്റേയും മകൾ അലംകൃതയുടെ ആദ്യ കവിതാ സമാഹാരം പുറത്തിറക്കി.ഇംഗ്ലീഷിലാണ് കവിതാസമാഹാരം.സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സുപ്രിയ അലംകൃതയുടെ ആദ്യ കവിതാ സമാഹാരത്തിന്റെ ചിത്രം പുറത്ത് വിട്ടത്.
പൂക്കൾ, പൂന്തോട്ടം, സാന്റാ, സ്ത്രീകളുടെ ഉന്നമനം, അമ്മയുടെ സ്നേഹം, കൊറോണ മഹാമാരി എന്നിങ്ങനെ കുഞ്ഞുമനസ്സിലെ ചിന്തകൾ കവിതകളാക്കി മാറ്റിയ വരികളാണ് ‘ദി ബുക്ക് ഓഫ് എൻചാന്റിങ് പോയംസിൽ’ ഉള്ളതെന്ന് സുപ്രിയ കുറിച്ചു.
ഇന്ന് ആഘോഷിക്കുന്ന ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ. അച്ഛനില്ലാത്ത എന്റെ ആദ്യത്തെ ക്രിസ്മസാണിത്. അതിനാൽ ഈ ക്രിസ്തുമസ് എനിക്ക് പഴയതുപോലെയല്ല. എന്നിരുന്നാലും, ഞാൻ കഴിഞ്ഞ രണ്ട് മാസമായി ഒരു പ്രോജക്റ്റിൽ പ്രവർത്തിക്കുകയായിരുന്നു. ഒടുവിൽ ഇന്ന് എനിക്ക് ഇത് എന്റെ മകൾ അല്ലിക്ക് ക്രിസ്മസ് സമ്മാനമായി നൽകാം. ഞാൻ അവളുടെ എല്ലാ കവിതകളും/ഗാനങ്ങളും ഒരു ചെറിയ ബുക്ക്ലെറ്റിലേക്ക് സമാഹാരിച്ചുവെന്ന് സുപ്രിയ കുറിച്ചു.
പുസ്തകം പ്രസിദ്ധീകരിച്ച ഗോവിന്ദ് ഡി.സിക്കും ചിത്രകാരി രാജിയ്ക്കും സുപ്രിയ നന്ദി അറിയിച്ചു. അല്ലിമോൾ ആവേശത്തിലാണ്, താനും അങ്ങനെ തന്നെ. തല്ക്കാലം ഈ പുസ്തകം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രം വായിക്കാനുള്ളതാണ്. വിപണിയിലെത്താൻ ഇനിയും സമയമെടുക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
Comments