ഇസ്ലാമാബാദ് : പാകിസ്താനിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നത് തുടർക്കഥയാകുന്നു. ബാദിൻ ജില്ലയിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി മുസ്ലീം യുവാവിന് വിവാഹം കഴിപ്പിച്ചു നൽകി. ഗോലാറചി സ്വദേശിനി നജ്മ കോഹ്ലിയാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയായത്.
പാകിസ്താനിലെ മനുഷ്യാവകാശ പ്രവർത്തകൻ ആയ അഷികനാസ് ഖോഖർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ചിലർചേർന്ന് തട്ടിക്കൊണ്ടുപോയി മതം മാറ്റുകയായിരുന്നു. തുടർന്ന് 35 കാരനായ അമാനുള്ളയ്‌ക്കാണ് കുട്ടിയെ വിവാഹം ചെയ്തുകൊടുത്തത്. വിവാഹ ശേഷം പെൺകുട്ടിയുടെ പേര് ഫാത്തിമയെന്നാക്കി മാറ്റിയെന്നും ഖോഖർ പറയുന്നു.
കഴിഞ്ഞ ആഴ്ച പാകിസ്താനിൽ രണ്ട് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം ഉണ്ടാകുന്നത്. സിന്ധ് പ്രവിശ്യയിൽ ആയിരുന്നു ഹിന്ദു പെൺകുട്ടികളെ മതമൗലികവാദികൾ തട്ടിക്കൊണ്ടുപോയത്. 19 ഉം 13 ഉം വയസ്സുള്ള കുട്ടികൾ ആയിരുന്നു മതപരിവർത്തനത്തിന് ഇരയായത്. സംഭവത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനും, പാക് സർക്കാരിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഇതിനിടെയാണ് വീണ്ടും ഹിന്ദു പെൺകുട്ടിയെ മതമൗലികവാദികൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയത്.
Comments