തിരുവനന്തപുരം: നടി മാലാ പാർവതിയുടെ അച്ഛൻ സി.വി ത്രിവിക്രമൻ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.
വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. ടി. ലളിത ഭാര്യയാണ്. ലക്ഷ്മി എന്ന മകൾ കൂടിയുണ്ട്. പിതാവിന്റെ നിര്യാണത്തെക്കുറിച്ച് മകൾ മാലാ പാർവതി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു.
മാല പാർവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്:
എന്റെ അച്ഛൻ പോയി! ഇന്ന് കാലത്ത്! അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്. പെരുമ്പടവത്തിനോടും ദത്തൻ മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്ന് പറഞ്ഞപ്പോൾ സൂക്ഷിച്ചുനോക്കി. കാനായി ശിൽപം ചെയ്‌തോ? ചേർത്തലയിലെ അംബാലികാ ഹാൾ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു. ഈ മനോഹര തീരത്ത് തരുമോ.. എന്ന ഭാഗം കുറേ ആവർത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിക്കായിരുന്നു. കഫം തുപ്പാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. സതീശന്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാൻ നെഞ്ച് തടവുന്നതിനിടയിൽ.. മയങ്ങി.. ഉറങ്ങി. കാലത്ത് 5.50ന്..















